തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിൽ റിലീസ് ആകും. ചിത്രത്തിലെ നായികയുടെ കാരക്ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. നടി രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. കനകവതി എന്ന കഥാപാത്രമായാണ് രുക്മിണി ചിത്രത്തിലെത്തുന്നത്.
സപ്ത സാഗരദാച്ചെ എല്ലോ – സൈഡ് എ ആൻഡ് ബി, ബാണദരിയല്ലി, ബഗീര, ഭൈരതി രണഗൾ എന്നീ ചിത്രങ്ങളിലും രുക്മിണി അഭിനയിച്ചു. കാന്താര ആദ്യ ഭാഗത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. 16 കോടി ബജറ്റിലൊരുങ്ങിയ കാന്താര 2022 ലാണ് റിലീസിനെത്തിയത്.
ലോകമെമ്പാടുമായി 400 കോടിയോളം ചിത്രം കളക്ട് ചെയ്യുകയും ചെയ്തു. സപ്തമി ഗൗഡയാണ് ആദ്യ ഭാഗത്തിൽ നായികയായെത്തിയത്. കാന്താര ചാപ്റ്റർ 1, ഒക്ടോബർ രണ്ടിന്, ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകളിൽ ചിത്രം ഒരുമിച്ച് പ്രദർശനത്തിന് എത്തും.