രാജമൌലിയുടെ ‘ആര്‍ ആര്‍ ആര്‍’ വരുന്നു, മോഷന്‍ പോസ്റ്റര്‍ ഇതാ...

അനിരാജ് എ കെ

ബുധന്‍, 25 മാര്‍ച്ച് 2020 (14:55 IST)
ലോകം കാത്തിരിക്കുന്ന രാജമൌലി ചിത്രം ആർ‌ആർ‌ആർ‌ 1920കളിലെ ഇന്ത്യയെയാണ് പശ്ചാത്തലമാക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ടൈറ്റിൽ ലോഗോയും പുറത്തിറക്കി. 
 
തീയും വെള്ളവും ഒത്തുചേരുമ്പോള്‍ എങ്ങനെയോ അങ്ങനെയായിരിക്കും ഈ സിനിമയെന്നാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. 'ജലം അഗ്‌നിയെ അണയ്‌ക്കും, അഗ്‌നി ജലത്തെ ബാഷ്‌പീകരിക്കും. ഈ രണ്ട് ശക്‍തികളും അപാരമായ ഊര്‍ജ്ജത്തോടെ ഒത്തുചേരുന്നു’ - എന്നാണ് രാജമൌലി സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള മോഷന്‍ പോസ്റ്ററില്‍ രാം ചരണും ജൂനിയർ എൻ‌ടി‌ആറുമാണ് നിറഞ്ഞുനില്‍ക്കുന്നു. 
 
ദക്ഷിണേന്ത്യൻ ചിത്രങ്ങളിലേക്ക് ആലിയ ഭട്ടിന്റെയും അജയ് ദേവ്ഗണിന്റെയും അരങ്ങേറ്റം അടയാളപ്പെടുത്തുന്ന ആർ‌ആർ‌ആർ, അന്താരാഷ്ട്ര അഭിനേതാക്കളായ റേ സ്റ്റീവൻസൺ, ഒലിവിയ മോറിസ്, അലിസൺ ഡൂഡി എന്നിവരെയും അവതരിപ്പിക്കുന്നു.  എം എം കീരവാണിയാണ് സംഗീതം.
 
തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിർമ്മിക്കുന്ന ഈ ചിത്രം വൻ തുകയ്ക്ക് ബിസിനസ് നടന്നിരിക്കുന്നത്. ബാഹുബലിക്ക് ശേഷം എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് സിനിമാലോകം ഈ പ്രൊജക്‍ടിന് മുകളില്‍ അര്‍പ്പിച്ചിരിക്കുന്നത്.
 
തെലുങ്ക് സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സാങ്കൽപ്പിക കഥയാണ് ആര്‍ ആര്‍ ആര്‍ അവതരിപ്പിക്കുന്നത്. 450 കോടി രൂപയുടെ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം 2021 ജനുവരി എട്ടിന് പ്രദര്‍ശനത്തിനെത്തും.
 
ഡിവിവി ദാനയ്യയാണ് ആര്‍ ആര്‍ ആര്‍ നിർമ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍