ചെറിയ താരങ്ങളുമായെത്തി മലയാളത്തിൽ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് രോമാഞ്ചം. ജാനേമനിനും ജയജയ ജയജയഹേയ്ക്കുമെല്ലാം ശേഷം വലിയ വിജയം നേടുന്ന കുഞ്ഞൻ ചിത്രമായരുന്നു സൗബിൻ ഷാഹിറും അർജുൻ അശോകനും കൂടെ ഒരുപറ്റം പുതുമുഖങ്ങളും അണിനിരന്ന ചിത്രം. ആദ്യദിനം മുതൽ മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറിയ സിനിമ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
പലതവണ റിലീസ് മാറ്റിവെച്ച ശേഷം ഫെബ്രുവരി 3നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിയത്. 144 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തിയ സിനിമ നാലാം വാരത്തിലേക്ക് കടക്കുമ്പോൾ 197 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. മലയാളത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച 8 ചിത്രങ്ങൾ റിലീസായിട്ടും രോമാഞ്ചത്തിൻ്റെ കളക്ഷനിൽ കുറവൊന്നും സംഭവിച്ചിട്ടില്ല.
ആദ്യ 10 ദിവസത്തിൽ തന്നെ 14 കോടി കളക്ട് ചെയ്ത ചിത്രം കഴിഞ്ഞ 23 ദിവസം കൊണ്ട് കേരളത്തിൽ മാത്രമായി 30 കോടി കളക്ട് ചെയ്തുകഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 3 കോടിയും വിദേശമാർക്കറ്റിൽ നിന്നും 17 കോടിയും ചേർത്ത് ആഗോള ബോക്സോഫീസിൽ 50 കോടിയിലെത്തിയതായാണ് പ്രമുഖ ബോക്സോഫീസ് ട്രാക്കർമാർ നൽകുന്ന വിവരം. 2 കോടിയ്ക്ക് താഴെ മുതൽ മുടക്കിലാണ് ചിത്രം നിർമിച്ചതെന്ന് കണക്കാക്കുമ്പോൾ ഷെയറിൻ്റെ മാർജിനിൽ മലയാളത്തിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് രോമാഞ്ചം.