സാന്ദ്ര തോമസിന് ആശ്വാസം; നിർമാതാക്കളുടെ സംഘടനയിൽ നിന്നു പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ

നിഹാരിക കെ.എസ്

ബുധന്‍, 18 ഡിസം‌ബര്‍ 2024 (10:04 IST)
കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നു നിർമാതാവ് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ. എറണാകുളം സബ് കോടതിയാണ് നടപടിക്ക് സ്റ്റേ നൽകിയത്. പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് സാന്ദ്ര തോമസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഹർജി തീർപ്പാക്കുന്നതു വരെയാണ് ഇടക്കാല സ്റ്റേ. അന്തിമ ഉത്തരവ് വരും വരെ സാന്ദ്ര തോമസിനു അസോസിയേഷൻ അം​ഗമായി തുടരാം.
 
അച്ചടക്ക ലംഘനം കാണിച്ചെന്നാരോപിച്ചാണ് അസോസിയേഷൻ സാന്ദ്ര തോമസിനെ പുറത്താക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടി സംഘടയ്ക്കെതിരെ വിമാനാർശനം ഉന്നയിച്ചിരുന്നു. ഇത് വിവാദമായതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടിയോട് വിശദീകരണം ചോദിച്ചു. ഈ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടതിനെ തുടർന്നു കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇതും തൃപ്തികരമല്ലെന്നു കണ്ടെത്തിയാണ് നടിയെ അച്ചടക്കം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി പുറത്താക്കിയത്.
 
പിന്നാലെ സിനിമാ വിതരണവുമായി ബന്ധപ്പെട്ട ഒരു യോ​ഗത്തിൽ വിളിച്ചു വരുത്തി അസോസിയേഷൻ ഭാരവാ​ഹികൾ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്നു സാന്ദ്ര പരാതി നൽകി. തുടർന്നു ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. അസോസിയേഷനെതിരെ സാന്ദ്ര കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനമനുസരിച്ചാണ് സംഘടന പ്രവർത്തിക്കുന്നത്. മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നും സാന്ദ്ര പ്രതികരിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍