അവസാനം ഞാൻ മാത്രം വഞ്ചകനും കാസനോവയുമായി, പ്രണയ പരാജയങ്ങളെ പറ്റി രൺബീർ കപൂർ

അഭിറാം മനോഹർ

ചൊവ്വ, 23 ജൂലൈ 2024 (17:24 IST)
ഹിന്ദി സിനിമയില്‍ റിഷി കപൂറിന്റെ മകന്‍ എന്ന മേല്‍വിലാസവുമായാണ് എത്തിയതെങ്കിലും തന്റെ പ്രകടനങ്ങളിലൂടെ മികച്ച നടനെന്ന പേരെടുത്ത താരമാണ് നടന്‍ രണ്‍ബീര്‍ കപൂര്‍. കരിയറിന്റെ തുടക്കകാലങ്ങളില്‍ റൊമാന്റിക് സിനിമകളിലൂടെ തുടങ്ങി ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാര്‍ക്കിടയിലാണ് രണ്‍ബീര്‍ കപൂറിന്റെ സ്ഥാനം.
 
 ചോക്‌ളേറ്റ് നായകനായെത്തി ഹൃദയം കവര്‍ന്ന രണ്‍ബീര്‍ സിനിമയ്ക്ക് പുറത്തും പ്രേമിക്കുന്നതില്‍ പ്രശസ്തന്‍ തന്നെയായിരുന്നു. സിനിമാരംഗത്തെ ഒട്ടേറെ നടികളുമായി താരത്തിന് പ്രണയങ്ങളും പ്രണയതകര്‍ച്ചകളും ഉണ്ടായിരുന്നു. പലപ്പോഴും ഈ പ്രണയങ്ങളുടെ പേരില്‍ വലിയ വിവാദങ്ങളും സംഭവിക്കുകയും ഉണ്ടായി. ഇപ്പോഴിതാ ഈ കാലഘട്ടത്തെ പറ്റിയെല്ലാം മനസ് തുറന്നിരിക്കുകയാണ് രണ്‍ബീര്‍. നിഖില്‍ കാമത്തിന്റെ പോഡ്കാസ്റ്റിലാണ് താരം മനസ് തുറന്നത്.
 
ബോളിവുഡിലെ 2 മുന്‍നിര നായികമാരുമായി എനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ കാസനോവ എന്ന പേരില്‍ അറിയപ്പെട്ടു. എന്നെ വഞ്ചകനായാണ് എല്ലാവരും തന്നെ ചിത്രീകരിച്ചത്. ഇപ്പോഴും ആ പേരില്‍ തന്നെയാണ് ഞാന്‍ അറിയപ്പെടുന്നത്. രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. ദീപിക പദുക്കോണും കത്രീന കൈഫുമായിരുന്നു ഈ നായികമാര്‍. ബച്ച് നാ ഹേ ഹസിനോ എന്ന സിനിമയ്ക്ക് ശേഷമായിരുന്നു ദീപികയുമായുള്ള രണ്‍ബീറിന്റെ പ്രണയം. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഈ ബന്ധം വേര്‍പിരിഞ്ഞു. താന്‍ ചതിക്കപ്പെടുകയായിരുന്നു എന്നായിരുന്നു ഇതിനെ പറ്റി പേരെടുത്തുപറയാതെ ദീപിക പിന്നീട് പല അഭിമുഖങ്ങളിലും പ്രതികരിച്ചത്.
 
 അജബ് പ്രേം കി കസബ് കഹാനി എന്ന സിനിമയ്ക്കിടെയായിരുന്നു കത്രീനയും രണ്‍ബീറും തമ്മിലുള്ള പ്രണയം. 2 വര്‍ഷം ഈ ബന്ധം നീണ്ടുനിന്നെങ്കിലും ഇതും വിവാഹത്തിലേക്കെത്തിയില്ല. ദീപിക 2018ല്‍ രണ്‍വീര്‍ സിംഗുമായും കത്രീന 2021ല്‍ വിക്കി കൗശലുമായും വിവാഹിതരായി. 2022ല്‍ നടി ആലിയ ഭട്ടുമായിട്ടായിരുന്നു രണ്‍ബീര്‍ കപൂറിന്റെ വിവാഹം. ഈ ബന്ധത്തില്‍ റാഹ എന്ന മകളും ഇവര്‍ക്കുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍