റിലീസ് സെന്ററുകളിലെല്ലാം 'ഹൗസ്‌ഫുള്‍' ബോര്‍ഡുകള്‍ തൂക്കുന്ന ചിത്രമായി മാറുകയാണ് വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍. പ്രേക്ഷകരുടെ സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളും മൗത്ത്പബ്ലിസിറ്റിയും വലിയ പ്രചരണമാണ് ഈ ചിത്രത്തിന് കൊടുക്കുന്നത്. ‘ദൃശ്യം’ എന്ന ബമ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മിസ് ചെയ്യരുതാത്ത ഒരു ചിത്രം എന്ന നിലയിലേക്കാണ് പുലിമുരുകന്‍ ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്.
ഇന്ത്യ ഒട്ടാകെ 331 തീയേറ്ററുകളിലായിരുന്നു പുലിമുരുകന്‍ റിലീസ് ചെയ്തിരുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ നാല് കോടി എന്ന ഫിഗര്‍ മറികടന്നെന്നാണ് ചിത്രവുമായി അടുത്തവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരം. കേരളമൊട്ടാകെയുള്ള എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലേയും എല്ലാ പ്രദര്‍ശനങ്ങളും ഹൌസ്‌ഫുള്‍ ആയിരുന്നതിനാല്‍ ഈ കണക്കില്‍ വലിയ വ്യത്യാസം വരാന്‍ സാധ്യത കണുന്നില്ല.
ഇനി ആദ്യദിന കളക്ഷന്‍ നാല് കോടിക്ക് തൊട്ടുതാഴെ നിന്നാലും മലയാളസിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഓപണിങ്ങ് ലഭിക്കുന്ന ചിത്രമായി മാറുകയാണ് പുലിമുരുകന്‍. കസബ, കലി, ലോഹം, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളായിരുന്നു ഇതിന് മുമ്പ് ഏറ്റവും വലിയ ഓപണിങ്ങ് ലഭിച്ച മലയാളചിത്രങ്ങള്‍. എന്നാല്‍ അവയുടെ കളക്ഷനെല്ലാം പഴങ്കതയാക്കി മുന്നേറുകയാണ് ഇപ്പോള്‍ പുലിമുരുകന്‍.