ലിഫ്റ്റ് ചോദിച്ച് കാറിയിൽ കയറിയ അയാൾ കയറിപ്പിടിച്ചു, പരാതിപ്പെട്ടപ്പോൾ ചേച്ചിയുടെ ഡ്രൈവിങ് അയാൾ ടെസ്റ്റ് ചെയ്താകുമെന്ന് ലിസ്റ്റിൻ പറഞ്ഞു: ഷീല കുര്യൻ

അഭിറാം മനോഹർ

ബുധന്‍, 6 ഓഗസ്റ്റ് 2025 (17:53 IST)
Sheela Kurian
സുഹൃത്തായ നിര്‍മാതാവില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നിര്‍മാതാവ് ഷീല കുര്യന്‍. എല്ലാവരോടും സൗഹാര്‍ദപരമായാണ് താന്‍ പെരുമാറിയിട്ടുള്ളതെന്നും ഒരു ജനറല്‍ ബോഡി മീറ്റിംഗ് കഴിഞ്ഞ് പോകുന്ന സമയത്താണ് സുഹൃത്തായ നിര്‍മാതാവില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നതെന്നും ഷീല കുര്യന്‍ പറയുന്നു. ലിഫ്റ്റ് ചോദിച്ച് വാഹനത്തില്‍ കയറിയ ശേഷം ഇയാള്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് ഷീല കുര്യന്റെ വെളിപ്പെടുത്തല്‍. വണ്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അവര്‍.
 
ഒരു ജനറല്‍ ബോഡി മീറ്റിംഗ് കഴിഞ്ഞ് മടങ്ങവെ ഒരു നിര്‍മാതാവ് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. ഒരേ വഴിക്കാണ് പോകുന്നത് എന്നുള്ളതുകൊണ്ടും സുഹൃത്താണ് എന്നുള്ളതുകൊണ്ടും കയറിക്കോളാന്‍ പറഞ്ഞു. എന്നാല്‍ കുറച്ചുദൂരം പിന്നിട്ടപ്പോള്‍ അയാളുടെ പെരുമാറ്റത്തില്‍ മാറ്റം അനുഭവപ്പെട്ടു. നമുക്ക് മനസിലാവില്ലെന്ന ഭാവത്തോടെ കയ്യിലൊക്കെ തൊട്ടു. പിന്നീട് ശരീരത്തില്‍ കടന്നുകയറിപിടിച്ചു. താന്‍ ഡ്രൈവിങ് ചെയ്യവെയായിരുന്നു സംഭവം ഉടനെ കാര്‍ സൈഡില്‍ ചേര്‍ത്ത് നിര്‍ത്തുകയും അയാള്‍ ഉടന്‍ ഇറങ്ങിപോവുകയുമാണുണ്ടായതെന്നും ഷീല കുര്യന്‍ പറയുന്നു.
 
വല്ലാത്തൊരു സാഹചര്യമായിരുന്നു അത്. അവിടെ നിന്ന് വീട്ടിലേക്ക് എത്തണമെങ്കില്‍ ഇനിയും 40 കിലോമീറ്ററോളം ദൂരം ബാക്കിയുണ്ടായിരുന്നു. അലറി കരഞ്ഞാണ് അത്രയും ദൂരം യാത്രചെയ്തതെന്നും സിനിമാ മേഖലയില്‍ താന്‍ ആദ്യമായി പരിചയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളായിരുന്നു അയാളെന്നും ഷീല കുര്യന്‍ പറയുന്നു. ഇത് 2 -3 വര്‍ഷം മുന്‍പ് സംഭവിച്ച കാര്യമാണ്. ആ സംഭവത്തെ പറ്റി ഓര്‍ക്കാന്‍ താത്പര്യമില്ലായിരുന്നു. അതിനാല്‍ പരാതിപ്പെട്ടില്ല. എന്നാല്‍ സുരേഷ് കുമാറും ലിസ്റ്റിന്‍ സ്റ്റീഫനും അനീഷ് തോമസും രാകേഷും എല്ലാവരും ഉണ്ടായിരുന്ന സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ പറയുന്നൊരു ജനറല്‍ ബോഡിയില്‍ ഈ വിഷയം പറഞ്ഞു. അപ്പോള്‍ ലിസ്റ്റിന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. ചേച്ചിയുടെ ഡ്രൈവിങ് അയാള്‍ ടെസ്റ്റ് ചെയ്തതാകും എന്ന് പറഞ്ഞ് ലിസ്റ്റിനും കൂടെയുള്ളവരും തന്നെ പരിഹസിച്ചുവെന്നും ഷീല കുര്യന്‍ പറയുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍