തിയേറ്ററുകളിൽ ചരിത്ര വിജയം നേടി മുന്നേറുകയാണ് കല്യാണി പ്രിയദർശന്റെ ലോക: ചാപ്റ്റർ 1 ചന്ദ്ര. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിരവധി ആളുകളാണ് കല്യാണിയേയും സിനിമയെയും പ്രശംസിച്ച് രംഗത്ത് വരുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.
'ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോ ഇതാ ഇവിടെ. ദുല്‍ഖര്‍ സല്‍മാനും ലോക ടീമിനും അഭിനന്ദനങ്ങള്‍. ഈ കഥ മലയാളി ഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദിയിലും പുറത്തിറങ്ങിയിരിക്കുന്നു. ചിത്രം ഞാനെന്റെ വാച്ച്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. നിങ്ങളോ?' , എന്നാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
ലോകയുടെ ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലര്‍ ലിങ്കും പ്രിയങ്ക സ്റ്റോറിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ദുല്‍ഖര്‍, കല്യാണി പ്രിയദര്‍ശന്‍, ഡൊമനിക് അരുണ്‍ തുടങ്ങി പ്രധാന ക്രൂ അംഗങ്ങളെ ടാഗ് ചെയ്തു കൊണ്ടാണ് താരം സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളെന്റെ റിയല്‍ ലൈഫ് സൂപ്പര്‍ ഹീറോയാണ്. എന്റെ ഏറ്റവും വലിയ പ്രചോദനവും, നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്കയുടെ സ്റ്റോറി കല്യാണി റീഷെയര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടി ആലിയ ഭട്ടും ലോകയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരുന്നു. അതേസമയം വെറും ഏഴ് ദിവസം കൊണ്ട് ചിത്രം 100 കോടി കളക്ട് ചെയ്തിരുന്നു. മലയാളത്തിന് പിന്നാലെ, തമിഴിലും തെലുങ്കിലും സിനിമയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.