ആദ്യം മുതലെ വയലൻസുള്ള സിനിമയെന്ന് പറഞ്ഞല്ലെ മാർക്കോ വന്നത്, പിന്നെയും കുറ്റം പറയുന്നത് എന്തിന്?, പ്രേക്ഷകരെ വിഡ്ഡികളാക്കിയിട്ടില്ലെന്ന് പൃഥ്വിരാജ്

അഭിറാം മനോഹർ

തിങ്കള്‍, 24 മാര്‍ച്ച് 2025 (19:09 IST)
അടുത്തിടെ വലിയ വിജയം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും മലയാളത്തില്‍ ഏറ്റവും സംസാരവിഷയമായിട്ടുള്ള സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ. മലയാളത്തിലെ വമ്പന്‍ ഹിറ്റ് സിനിമകളില്‍ ഒന്നായി ഇടം പിടിച്ചെങ്കിലും സംസ്ഥാനത്ത് നടക്കുന്ന പല കുറ്റകൃത്യങ്ങളുടെയും ഉത്തരവാദിത്തം ആളുകള്‍ മാര്‍ക്കോയുടെ ചുമലില്‍ വെച്ചിരുന്നു. ഇപ്പോഴിതാ മാര്‍ക്കോ പോലുള്ള സിനിമകള്‍ സമൂഹത്തിന് ദോഷകരമാണോ എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.
 
 ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ പ്രതികരണം. മാര്‍ക്കോയുടെ മുകളില്‍ ആളുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനോട് വിയോജിക്കുന്നതായി പൃഥ്വി പറഞ്ഞു. ഉണ്ണി എന്റെ സുഹൃത്താണ്. ആ സിനിമയുടെ പ്രഖ്യാപനം മുതലെ അവര്‍ സിനിമയിലെ വയലന്‍സിനെ പറ്റി പറഞ്ഞിരുന്നു. അതിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരെ പറ്റിച്ചിട്ടില്ല. മോസ്റ്റ് വയലന്റ് മൂവി എന്ന രീതിയിലാണ് അവരത് മാര്‍ക്കറ്റ് ചെയ്തത്. എന്നിട്ട് ആ സിനിമ പോയി കാണുകയും അതില്‍ പരാതി പറയുകയും ചെയ്തിട്ട് എന്താണ് കാര്യമുള്ളത്. പൃഥ്വിരാജ് ചോദിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍