തെലുങ്ക് അവതാരക തീൻമാർ ചന്ദ്രവ എന്ന ദീവി സുജാതയുടെ അഭിമുഖങ്ങൾക്ക് എപ്പോഴും പ്രത്യേക ആരാധകരാണുള്ളത്. പൊതുവെ അഭിമുഖങ്ങളിൽ കണ്ടുവരുന്ന ഒരു രീതിയല്ല ഇവരുടേത്. വളരെ എനർജറ്റിക് ആയി തെലുങ്കും ഇംഗ്ളീഷും ഇടകലർത്തിയുള്ള ഇവരുടെ ചോദ്യങ്ങളും ശരീരഭാഷയും എപ്പോഴും പ്രശംസ നേടാറുണ്ട്. ഇവരുടെ പുതിയ അഭിമുഖം എമ്പുരാൻ ടീമിനൊപ്പമാണ്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവരോടാണ് ദീവി ചോദ്യങ്ങൾ ചോദിക്കുന്നത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
നർത്തകിയും തിയറ്റർ ആർടിസിൽ പിച്ച്എഡിയും എടുത്തിട്ടുള്ള ദീവിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ഇംഗ്ലിഷും തെലുങ്കും ഇടകലർത്തിയുള്ള ചോദ്യങ്ങൾക്ക് രസകരമായ മറുപടികളാണ് മോഹൻലാലും പൃഥ്വിയും നൽകിയത്. അവതാരക തെലുങ്കില്‍ സംസാരിക്കുമ്പോള്‍ മോഹന്‍ലാല്‍ ആണ് അതിനെല്ലാം മറുപടി നല്‍കുന്നത്. സാറിന്റെ മുടിക്കു നല്ല കറുപ്പ് നിറമുണ്ടല്ലോ, എന്താണ് മുടിയുടെ കരുത്തിന്റെ രഹസ്യമെന്നും ചോദിക്കുമ്പോള്‍ മയിലെണ്ണ എന്നാണ് മോഹൻലാൽ മറുപടി നൽകുന്നത്.
പൃഥ്വിരാജിനോട് ഇംഗ്ളീഷിൽ ചോദിച്ചാൽ മനസ്സിലാകുമോ എന്നും ഇവർ ചോദിക്കുന്നുണ്ട്. ഒരു ചിരിയോടെ മനസിലാകും എന്നാണ് പൃഥ്വി മറുപടി നൽകുന്നത്. വിഡിയോ വൈറലായതോടെ പൃഥ്വിരാജിനെ കുറിച്ച് പരാമര്‍ശിച്ചാണ് കമന്റുകള്‍ കൂടുതലും എത്തുന്നത്. ആദ്യമായാണ് ഒരു ചോദ്യം കേട്ട് പൃഥ്വിരാജ് മിണ്ടാതെ ഇരിക്കുന്നതെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്.