അമ്മയിലെ കൂട്ടരാജി ഭീരുത്വം, മറുപടി പറയേണ്ടവർ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടി: പാർവതി തിരുവോത്ത്

അഭിറാം മനോഹർ

വ്യാഴം, 29 ഓഗസ്റ്റ് 2024 (10:55 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൂടുതല്‍ വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഉയര്‍ന്നതോടെ അമ്മ ഭരണസമിതി പിരിച്ചുവിട്ട തീരുമാനത്തെ ഭീരുത്വം എന്ന് വിശേഷിപ്പിച്ച് നടി പാര്‍വതി തിരുവോത്ത്. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ടവര്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടിയെന്നും ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.
 
 അമ്മയുടെ നടപടി മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ്. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസില്‍ പ്രതിക്ക് പിന്നില്‍ അണിനിരന്നത്. സര്‍ക്കാര്‍ ഗുരുതരമായ നിരുത്തരവാദിത്തമാണ് ഹേമ കമ്മീീഷന്‍ റിപ്പോര്‍ട്ടില്‍ പുലര്‍ത്തിയത്. ഇരകള്‍ക്കൊപ്പമല്ലെന്ന നിലപാടാണ് സാംസ്‌കാരിക മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. കൂടുതല്‍ പരാതികളുമായി എത്തിയ സഹപ്രവര്‍ത്തകരെ ബഹുമാനിക്കുന്നു. പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള സമയമായെന്നും പാര്‍വതി പറഞ്ഞു.
 
 കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയതായി നടന്‍ പൃഥ്വിരാജും പരസ്യമായി പറഞ്ഞിരുന്നു. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതെയാകണമെന്നും ഒരു പദവിയിലിരിക്കെ ആരോപണം നേരിടുകയാണെങ്കില്‍ അത് ഒഴിഞ്ഞുകൊണ്ട് അന്വേഷണത്തെ നേരിടുകയാണ് ഉചിതമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അമ്മ എക്‌സിക്യൂട്ടീവ് യോഗമുണ്ടാകുമെന്നാണ് അറിഞ്ഞിരുന്നതെങ്കിലും അപ്രതീക്ഷിതമായി അമ്മയിലെ ഭരണസമിതി ഒന്നടങ്കം രാജിവെക്കുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍