നടിയുടെ പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസെടുത്തു. കേസില്‍ അറസ്റ്റുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ മുകേഷിനെ സിപിഎം കൈവിട്ടേക്കും. ആര്‍പ്പണം ഉയര്‍ന്നതിനെ തുടര്‍ന്ന് സിനിമ നയ രൂപീകരണ സമിതിയില്‍ നിന്നും മുകേഷ് മാറിനില്‍ക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇതുവരെയും ഇതിനെ പറ്റിയുള്ള തീരുമാനം സര്‍ക്കാറോ മുകേഷോ അറിയിച്ചിട്ടില്ല.
രാജി ആവശ്യപ്പെടില്ലെങ്കിലും മുകേഷിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ പാര്‍ട്ടി ഇറങ്ങേണ്ടതില്ല എന്നതാണ് നിലവില്‍ സിപിഎം നിലപാട്. ആദ്യം ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രാജി പ്രസക്തമല്ലെന്നതായിരുന്നു സിപിഎം നിലപാട്. സിപിഐഎം എംഎല്‍എ ആയത് കൊണ്ടാണ് തനിക്കെതിരെ ആരോപണം ഉയരുന്നത് എന്നായിരുന്നു മുകേഷും പ്രതികരിച്ചത്. എന്നാല്‍ നടനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ട്ടിയും പ്രതിസന്ധിയിലായി.
കൊല്ലം ലോകസഭാ മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടതോടെ കൊല്ലം സിപിഎമ്മില്‍ മുകേഷിനെതിരെ അതൃപ്തിയുണ്ട്. കെട്ടിയിറക്കിയ മത്സരാര്‍ഥിയാണ് മുകേഷെന്നത് നേരത്തെ തന്നെ പാര്‍ട്ടി ജില്ലാ ഘടകത്തില്‍ അതൃപ്തിക്ക് കാരണമായിരുന്നു. മുകേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കെ ആര്‍ മീര, അജിത തുടങ്ങി നൂറോള സ്ത്രീകള്‍ അടങ്ങിയ സംഘം മുകേഷിനെ എംഎല്‍എ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു വ്യക്തിജീവിതത്തിലും അല്ലാതെയും മുകേഷ് കളങ്കിതനാണെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.
ഇതിനിടെയില്‍ മുകേഷിനെതിരെ പ്രതിപക്ഷ പാര്‍ട്ടിക്കാരുടെ പ്രതിഷേധവും ശക്തമാണ്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും മുകേഷിനെതിരെ വിമര്‍ശനമുയര്‍ന്നു. മുകേഷ് സിപിഎം അംഗമല്ല. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചെന്ന് മാത്രം. എന്നാല്‍ നിലവില്‍ മുകേഷിന്റെ സാന്നിധ്യം പാര്‍ട്ടിക്ക് കൂടി അവമതിപ്പ് ഉണ്ടാക്കുന്നുവെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിമര്‍ശനം. മുകേഷിനെതിരെ നടിയുടെ മൊഴി പരിശോധിച്ച ശേഷം പോലീസ് ചോദ്യം ചെയ്യലുണ്ടാകും. തെളിവുകള്‍ എതിരായാല്‍ അറസ്റ്റിലേക്ക് കടക്കേണ്ടി വരും. അത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും.