എല്ലാം ആരോപണങ്ങള്‍ മാത്രം, മുകേഷിന്റെ എംഎല്‍എ സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെടില്ല, സിനിമ നയ രൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും

അഭിറാം മനോഹർ

ചൊവ്വ, 27 ഓഗസ്റ്റ് 2024 (09:19 IST)
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതിസന്ധിയിലായി സിപിഎം. കൊല്ലം എംഎല്‍എ മുകേഷിനെതിരെയും ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്തിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് പാര്‍ട്ടി പ്രതിസന്ധിയിലായത്. രഞ്ജിത് സ്ഥാനം രാജിവെച്ചെങ്കിലും മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുകയാണ്. ആദ്യം മുകേഷിനെതിരെ ഉയര്‍ന്ന ആരോപണത്തെ തനിക്കെതിരെ കെട്ടിച്ചമച്ച കേസെന്ന രീതിയില്‍ മുകേഷ് പ്രതിരോധിച്ചിരുന്നു.
 
എന്നാല്‍ ഇന്നലെ മുകേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ ഉന്നയിച്ച നടി ഇന്ന് മുകേഷ്,ജയസൂര്യ,മണിയന്‍ പിള്ള രാജു എന്നിവര്‍ക്കെല്ലാം എതിരെ ഇന്ന് കേസ് നല്‍കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതോടെ സിനിമാ നയ രൂപീകരണ സമിതിയില്‍ മുകേഷിനെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
 
 ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കെണ്ടെന്ന തീരുമാനത്തിലേക്കാണ് സിപിഎം എത്തിയിരിക്കുന്നത് എന്നാണ് ഇപ്പോള്‍ ലഭ്യമാവുന്ന വിവരം. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാജി ഉണ്ടായിട്ടില്ലെന്ന് സിപിഎം പറയുന്നു. അതേസമയം കുറ്റാരോപിതനായ ഒരാള്‍ സിനിമ നയ രൂപീകരണ സമിതിയില്‍ ഇരിക്കുന്നത് ശരിയല്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ സിനിമ നയ രൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കിയേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍