നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ ആശുപത്രിയില്‍, നില ഗുരുതരം

ഗേളി ഇമ്മാനുവല്‍

ചൊവ്വ, 14 ജൂലൈ 2020 (15:32 IST)
ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്‍ ആശുപത്രിയില്‍. അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമാണ്. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്.
 
മസ്‌തിഷ്‌ക ജ്വരത്തെ തുടര്‍ന്നാണ് പി ബാലചന്ദ്രനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 
 
ചലച്ചിത്രനടനും തിരക്കഥാകൃത്തും എന്നതിലുപരി കേരളത്തില്‍ നാടകമേഖലയിലെ അനിഷേധ്യ സാന്നിധ്യം കൂടിയാണ് പി ബാലചന്ദ്രന്‍. എം ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും അധ്യാപകനായിരുന്നു.
 
ഇവന്‍ മേഘരൂപന്‍ എന്ന സിനിമയാണ് പി ബാലചന്ദ്രന്‍ സംവിധാനം ചെയ്‌തത്. ഈ സിനിമയ്ക്ക് 2012ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കമ്മട്ടിപ്പാടം, പവിത്രം, ഉള്ളടക്കം, അങ്കിള്‍‌ബണ്‍, പുനരധിവാസം, ഏടക്കാട് ബറ്റാലിയന്‍ 06, തച്ചോളി വര്‍ഗീസ് ചേകവര്‍ തുടങ്ങിയവയാണ് പി ബാലചന്ദ്രന്‍ തിരക്കഥയെഴുതിയ സിനിമകള്‍.
 
അഗ്‌നിദേവന്‍, വക്കാലത്ത് നാരായണന്‍‌കുട്ടി, മഹാസമുദ്രം, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്‌ജ്, അന്നയും റസൂലും, ഇമ്മാനുവല്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, നടന്‍, ചാര്‍ലി, കമ്മട്ടിപ്പാടം, ആംഗ്രി ബേബീസ്, കിസ്‌മത്ത്, പുത്തന്‍‌പണം, ഈട, അതിരന്‍, കോളാമ്പി തുടങ്ങിയ സിനിമകളില്‍ പി ബാലചന്ദ്രന്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 
 
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍