Captain Raju, Chithra, Balan K Nair - Oru Vadakkan Veeragatha
Oru Vadakkan Veeragatha Re Release: 36 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നായ 'ഒരു വടക്കന്‍ വീരഗാഥ' വീണ്ടും തിയറ്ററുകളിലെത്തുകയാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വടക്കന്‍ വീരഗാഥയുടെ റി റിലീസ്. ഫെബ്രുവരി ഏഴിന് (നാളെ) ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമ്പോള്‍ ഈ ചരിത്ര സിനിമയുടെ ഭാഗമായ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. തിരക്കഥാകൃത്ത് എം.ടി.വാസുദേവന്‍ നായര്‍ മുതല്‍ സിനിമയില്‍ ശക്തമായ കഥാപാത്രം അവതരിപ്പിച്ച ബാലന്‍ കെ നായര്‍ വരെ ഓര്‍മയായി കഴിഞ്ഞു. ആ മഹാരഥന്‍മാരെ കൂടി ഓര്‍ത്തുകൊണ്ടാകണം 'ഒരു വടക്കന്‍ വീരഗാഥ' കാണാന്‍ വീണ്ടും തിയറ്ററുകളില്‍ കയറേണ്ടത്.
എം.ടി.വാസുദേവന്‍ നായര്‍
ഒരു വടക്കന്‍ വീരഗാഥയുടെ നട്ടെല്ല് എന്നു പറയുന്നത് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയാണ്. ചന്തു ചേകവര്‍ (മമ്മൂട്ടി), ഉണ്ണിയാര്‍ച്ച (മാധവി), ആരോമല്‍ ചേകവര്‍ (സുരേഷ് ഗോപി) തുടങ്ങി ഓരോ കഥാപാത്രങ്ങളുടെയും ഡയലോഗുകള്‍ മലയാളികള്‍ക്ക് 36 വര്‍ഷങ്ങള്‍ക്കു ശേഷവും സുപരിചിതമാണ്. സാഹിത്യ ഭാഷയില്‍ എഴുതിയിരിക്കുന്ന ഡയലോഗുകള്‍ ആയിട്ട് പോലും അവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാണ്. അവിടെയാണ് എം.ടി എന്ന എഴുത്തുകാരന്‍ വടക്കന്‍ വീരഗാഥയെ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ആക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഒരു വടക്കന്‍ വീരഗാഥ റിലീസ് ചെയ്യുമ്പോള്‍ എം.ടിക്ക് പ്രായം 55 ! 2024 ഡിസംബര്‍ 25 ന് തന്റെ 91-ാം വയസ്സിലാണ് എംടി അന്തരിച്ചത്.
പി.വി.ഗംഗാധരന്‍
നിര്‍മാതാവ് പി.വി.ഗംഗാധരനും ഇന്ന് ജീവിച്ചിരിപ്പില്ല. 2023 ഒക്ടോബര്‍ 13 ന് 80-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. ഗംഗാധരന്‍ നിര്‍മിച്ച സിനിമകളില്‍ ഏറ്റവും ചെലവേറിയതും സാമ്പത്തികമായി വലിയ വിജയം നേടിയതുമായ സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. ചരിത്രത്തിലേക്ക് എടുത്തുവയ്ക്കാനുള്ള സിനിമയായതിനാല്‍ അതിനനുസരിച്ച് പിശുക്കില്ലാതെ പൈസ ചെലവാക്കിയാണ് ഗംഗാധരന്‍ ഒരു വടക്കന്‍ വീരഗാഥ യാഥാര്‍ഥ്യമാക്കിയത്.
ബാലന്‍ കെ നായര്‍
കണ്ണപ്പന്‍ ചേകവര്‍ എന്ന അതിശക്തമായ കഥാപാത്രത്തെയാണ് ഒരു വടക്കന്‍ വീരഗാഥയില്‍ ബാലന്‍ കെ നായര്‍ അവതരിപ്പിച്ചത്. മമ്മൂട്ടിയും സുരേഷ് ഗോപിയും മാധവിയും കഴിഞ്ഞാല്‍ ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ കൈയടികള്‍ നേടിയതും ബാലന്‍ കെ നായര്‍ തന്നെ. 2000 ഓഗസ്റ്റ് 26 നാണ് ബാലന്‍ കെ നായരുടെ അന്ത്യം.
ക്യാപ്റ്റന്‍ രാജു
ഒരു വടക്കന്‍ വീരഗാഥയില്‍ അരിങ്ങോടര്‍ ആയി വേഷമിട്ട ക്യാപ്റ്റന്‍ രാജു 2018 സെപ്റ്റംബര്‍ 17 നാണ് അന്തരിച്ചത്. ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രം ഏറെ ശക്തവും മികച്ചതുമായിരുന്നെന്ന് പില്‍ക്കാലത്ത് മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്.
ഒടുവില്‍ ഉണ്ണികൃഷ്ണന്‍
രാജാവ് ആയാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചെറിയ വേഷമായിരുന്നെങ്കിലും അത് മികച്ചതാക്കാന്‍ ഒടുവിലിനു സാധിച്ചു. 2006 മേയ് 27 നാണ് ഒടുവില്‍ അന്തരിച്ചത്.
കെ.രാമചന്ദ്ര ബാബു
ക്യാമറ കൈകാര്യം ചെയ്ത കെ.രാമചന്ദ്ര ബാബുവും ഇന്ന് ജീവിച്ചിരിപ്പില്ല. സാങ്കേതിക വിദ്യകള്‍ അത്രകണ്ട് സജീവമല്ലാതിരുന്ന കാലത്തും ഒരു വടക്കന്‍ വീരഗാഥയുടെ ഓരോ ഫ്രെയിമും ക്ലാസിക് ആക്കാന്‍ കഴിഞ്ഞത് രാമചന്ദ്ര ബാബുവിന്റെ ഛായാഗ്രഹണ മികവുകൊണ്ടാണ്. 2019 ഡിസംബര്‍ 21 നാണ് രാമചന്ദ്ര ബാബു അന്തരിച്ചത്.
ബോംബെ രവി
വടക്കന്‍ വീരഗാഥയിലെ ഓരോ പാട്ടും സിനിമ പോലെ തന്നെ കാലത്തിനു അതീതമാണ്. ഈ സിനിമയ്ക്കു സംഗീതം നിര്‍വഹിച്ച ബോംബെ രവി 2012 മാര്‍ച്ച് ഏഴിനാണ് അന്തരിച്ചത്.
കുഞ്ഞിനൂലി ആയി വേഷമിട്ട നടി ചിത്ര, കണ്ണപ്പന്‍ ചേകവരുടെ ഭാര്യയായി അഭിനയിച്ച സുകുമാരി, അരിങ്ങോടരുടെ ശിഷ്യന്‍മാരില്‍ ഒരാളായി വേഷമിട്ട കുണ്ടറ ജോണി എന്നിവരും ഒരു വടക്കന്‍ വീരഗാഥ റി റിലീസ് ചെയ്യുമ്പോള്‍ ജീവിച്ചിരിപ്പില്ല.