മലേഷ്യന്‍ വിമാനത്തിന്റെ ദുരൂഹത ചുരുളഴിയുന്നു; പിന്നില്‍ രൂപേഷ് പോള്‍!

ചൊവ്വ, 20 മെയ് 2014 (17:46 IST)
മാര്‍ച്ച് എട്ടിന് കാണാതായ മലേഷ്യന്‍ വിമാനം എം‌എച്ച് 370യുടെ ദുരൂഹത ചുരുളഴിയുകയാണ്. സംവിധായകനായ രൂപേഷ് പോളാണ് പിന്നില്‍. തിരോധാനത്തിന് പിന്നിലല്ല, എം‌എച്ച് 370 വിമാനത്തിന്റെ കഥ പറയുന്ന ദി വാനിഷിംഗ് ആക്ട് എന്ന ഇംഗ്ലീഷ് സിനിമ നിര്‍മിക്കുന്നത് രൂപേഷ് പോളാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. വിമാനം കാണാതായ 10 ആഴ്ച പിന്നിടുമ്പോള്‍ പുറത്തിറങ്ങിയ ട്രെയ്‌ലര്‍ നെറ്റില്‍ വൈറലാണ്. 
 
ക്വാലാലം‌പൂരില്‍നിന്നും ബീജിംഗിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനത്തില്‍ 14 രാജ്യങ്ങളില്‍ നിന്നായി 12 വിമാനജീവനക്കാരും 227 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. കാണാതായ വിമാനത്തിന്റെ തെരച്ചില്‍ തുടരുന്നതിനിടെ ദുരൂഹതയ്ക്ക് പിന്നിലെ ആരും പറയാത്ത കഥയാ‍ണ് ചിത്രം പറയുന്നത്. ട്രെയ്‌ലര്‍ അനുസരിച്ച് ദുരന്തത്തിന്റെ നേര്‍ച്ചിത്രമല്ല അവതരിപ്പിക്കുന്നത്. 
 
ഒരു വിമാനത്തിന്റെ തിരോധാനം മാത്രമാണ് ചിത്രവും ദുരന്തവും തമ്മിലുള്ളതെന്ന് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ശ്രീദമ ദത്ത പറഞ്ഞു. കാണാതായ വിമാനമായി അവതരിപ്പിക്കുന്നത് മലേഷ്യന്‍ വിമാനത്തിന്റെ മോഡലാണ്. 
 
90 സെക്കന്‍ഡ് വരുന്ന ട്രെയ്‌ലര്‍ യാത്രക്കാരെയും വിമാനജീവനക്കാരെയും സംശയത്തിന്റെ മുള്‍‌മുനയില്‍ നിര്‍ത്തുന്നതാണ്. ഒരു പുരുഷജീവനക്കാരനാണ് 239 പേരുടെ മരണത്തിന് ഇടയാക്കിയതെന്ന സൂചന തരുന്ന രംഗങ്ങളുണ്ട്. മറ്റൊരു രംഗത്തില്‍ ഒരു വനിത ജീവനക്കാരിയുമായി സഹജീവനക്കാരന്റെ ലിപ്‌ലോക്ക് രംഗം ഈര്‍ഷ്യയോടെ വീക്ഷിക്കുന്ന മറ്റൊരു ജീവനക്കാരനുണ്ട്. 
 
മറ്റൊന്നില്‍ തറച്ചു നോക്കി നില്‍ക്കുന്ന നീല ഷര്‍ട്ടിട്ട യാത്രക്കാരനാണ്. പിന്നെ പൊടുന്നനെ വിമാനത്തിന്റെ പതനം, നിറതോക്ക്. ഇങ്ങനെ ഉദ്വേഗഭരിതമായ രംഗങ്ങളാണ് ട്രെയ്‌ലറിലുള്ളത്. നിര്‍മാതാവായ രൂപേഷ് പോള്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.  ഒരു പത്രപ്രവര്‍ത്തകന്റെ വീക്ഷണക്കോണിലാണ് കഥാവതരണം. 210 ദശലക്ഷം രൂപയാണ് സിനിമയുടെ ബഡ്ജറ്റ്.  200 ഓളം അഭിനേതാക്കളെ അണിനിരത്തി 35- ഓളം ദിവസമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കുന്നത്. ദി വാനിഷിംഗ് ആക്ട് ഏതാനും മാസങ്ങള്‍ക്കകം തിയേറ്ററുകളിലെത്തും. 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക