മുകേഷ് രാജിവെച്ചേ തീരു, മുഖ്യമന്ത്രിയെ നേരിട്ടറിയിച്ച് ബിനോയ് വിശ്വം

അഭിറാം മനോഹർ

വെള്ളി, 30 ഓഗസ്റ്റ് 2024 (10:44 IST)
Mukesh,Binoy Viswam
ലൈംഗിക പീഡന കേസില്‍ ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന അവശ്യത്തില്‍ സമ്മര്‍ദ്ദവുമായി സിപിഐ. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ നിലപാട് നേരിട്ട് കണ്ടാണ് ബിനോയ് വിശ്വം അറിയിച്ചത്. 
 
 സംസ്ഥാന നിര്‍വാഹകസമിതിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാടല്ലെന്ന കാര്യമാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിര്‍വാഹക സമിതിയില്‍ ഭിന്നതയുണ്ടായിരുന്നുവെങ്കിലും എംഎല്‍എ സ്ഥാനമൊഴിയണമെന്ന നിലപാടാണ് പൊതുതീരുമാനമായത്.
 
 സിപിഐ സംസ്ഥാനനിര്‍വാഹക സമിതിയില്‍ മന്ത്രി ജെ ചിഞ്ചുറാണി,കമലാ സദാനന്ദന്‍,പി വസന്തം എന്നിവര്‍ മുകേഷ് രാജിവെയ്ക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. പ്രതിപക്ഷ എംഎല്‍എമാരായ എം വിന്‍സെന്റ്,എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ ആരോപണം വന്നപ്പോള്‍ സ്ഥാനമൊഴിഞ്ഞില്ല എന്നത് ന്യായീകരണമായി കണക്കാക്കാനാകില്ലെന്നും ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ഒരാളെ സംരക്ഷിക്കരുതെന്ന നിലപാടാണ് യോഗത്തില്‍ ഉയര്‍ന്നത്.  രാജി ആവശ്യം മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറെയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും അറിയിക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍