മുകേഷിനെ കൈവിട്ട് സിപിഎം; അറസ്റ്റുണ്ടായാല്‍ രാജി ഉറപ്പ്

രേണുക വേണു

വ്യാഴം, 29 ഓഗസ്റ്റ് 2024 (10:53 IST)
കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെ സിപിഎം നേതൃത്വം കൈവിട്ടു. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തതിനു പിന്നാലെയാണ് മുകേഷിനു പ്രതിരോധം തീര്‍ക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തിയത്. പീഡന പരാതിയില്‍ അറസ്റ്റിനു സാധ്യത തെളിഞ്ഞാല്‍ മുകേഷിനോടു എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു ആവശ്യപ്പെട്ടേക്കും. 
 
ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്ന് മുകേഷിനു പാര്‍ട്ടി നേതൃത്വം സൂചന നല്‍കിയിരുന്നു. യുവതിയുടേത് ആരോപണം മാത്രമായിരുന്ന ഘട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. എന്നാല്‍ യുവതി പൊലീസില്‍ പരാതിപ്പെടുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മുകേഷിനെതിരെ കേസെടുക്കുകയും ചെയ്തതിനാല്‍ രാജിയല്ലാതെ വേറെ വഴിയില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. 
 
മുകേഷ് സിപിഎം അംഗമല്ലാത്തതിനാല്‍ പാര്‍ട്ടിതല നടപടികള്‍ ഉണ്ടാകില്ല. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചെങ്കിലും മുകേഷിനു പാര്‍ട്ടി അംഗത്വമില്ല. ഗുരുതരമായ ഒരു കുറ്റകൃത്യത്തില്‍ അന്വേഷണം നേരിടുന്നതിനാല്‍ എംഎല്‍എ സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ മുഖ്യമന്ത്രിക്കോ ഇടതുമുന്നണി നേതൃത്വത്തിനോ മുകേഷിനോടു ആവശ്യപ്പെടാം. സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിസന്ധിയില്‍ ആക്കാതെ മുകേഷ് രാജിവയ്ക്കുന്നതാണ് നല്ലതെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റേയും നിലപാട്. 
 
മരടിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടി പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്നും നടി വ്യക്തമാക്കി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍