മുകേഷിന്റെ രാജി ആവശ്യപ്പെടണമെന്ന് സിപിഐ; അതിനുള്ള നിയമവശം ഇല്ലെന്ന് സിപിഎം

രേണുക വേണു

വെള്ളി, 30 ഓഗസ്റ്റ് 2024 (07:40 IST)
ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത സാഹചര്യത്തില്‍ ധാര്‍മികതയുടെ പേരില്‍ മുകേഷ് രാജിവെച്ച് മാറിനില്‍ക്കണമെന്ന് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. മുകേഷിന്റെ രാജി ആവശ്യപ്പെടണമെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയോടു ആവശ്യപ്പെട്ടു. സിപിഐയുടെ പാര്‍ട്ടി നിലപാട് അതാണെന്നും സര്‍ക്കാര്‍ ഉചിതമായ ഇടപെടല്‍ നടത്തണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. 
 
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ മുകേഷിന്റെ രാജി ആവശ്യപ്പെടണമെന്ന് പൊതു അഭിപ്രായം ഉയര്‍ന്നിരുന്നു. ബലാംത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. 
 
അതേസമയം നിയമപരമായി ഒരു എംഎല്‍എയോടു രാജി ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ എംഎല്‍എയ്ക്കു രാജി വയ്ക്കാം. അപ്പോഴും സര്‍ക്കാര്‍ രാജി ആവശ്യപ്പെടുന്നത് നിയമപരമായി ശരിയല്ല. മാത്രമല്ല മുകേഷിന് സിപിഎം അംഗത്വമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍