മിസ്റ്റര്‍ ബട്ലര്‍ എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി എത്തി മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രുചിത പ്രസാദ്. കര്‍ണാടകയിലെ ബെംഗളൂരുവില്‍ ജനിച്ച രുചിത ഒരു കാലത്ത് സിനിമയില്‍ വളരെ സജീവമായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിനും രണ്ടായിരത്തിന്റെ തുടക്കത്തിലുമാണ് രുചിത സിനിമയില്‍ സജീവമായിരുന്നത്. കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലെല്ലാം രുചിത അഭിനയിച്ചിട്ടുണ്ട്.
മോഡലിങ്ങിലൂടെയാണ് രുചിത സിനിമയിലേക്ക് എത്തിയത്. 1995 ല്‍ മിസ് ബെംഗളൂര്‍ ബ്യൂട്ടി പുരസ്‌കാരം നേടി. ഉലക നായകന്‍ കമല്‍ഹാസന്റെ സിനിമയിലൂടെ അരങ്ങേറാന്‍ ഭാഗ്യം ലഭിച്ച നടിയാണ് രുചിത. എന്നാല്‍, ഈ സിനിമ റിലീസ് ചെയ്തില്ല. 'കണ്ടേന്‍ സീതയായ്' എന്നായിരുന്നു സിനിമയുടെ പേര്. രുചിതയുടെ ഭാഗങ്ങള്‍ ഷൂട്ടിങ് ആരംഭിച്ചതാണ്. എന്നാല്‍, സംവിധായകനും അഭിനേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ സിനിമ നടന്നില്ല.
1999 ല്‍ റിലീസ് ചെയ്ത 'കണ്ണോട് കാണ്‍മ്പതെല്ലാം' എന്ന സിനിമയില്‍ അഭിനയിച്ചാണ് രുചിത പിന്നീട് സിനിമാലോകത്ത് സജീവമായത്. കാസ്റ്റിങ് കൗച്ചിനെതിരെ പരസ്യമായി നിലപാടെടുത്ത ആദ്യ അഭിനേത്രിയാണ് രുചിത. രണ്ടായിരത്തില്‍ റിലീസ് ചെയ്ത മിസ്റ്റര്‍ ബട്ലര്‍ എന്ന ചിത്രത്തില്‍ രാധിക മേനോന്‍ എന്ന നായിക കഥാപാത്രത്തെയാണ് രുചിത അവതരിപ്പിച്ചത്.