മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുകൾ വെയ്ക്കുകയാണ്. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ തുടക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാലും, പ്രണവ് മോഹൻലാലും ഉൾപ്പടെ മലയാള സിനിമയിലെ നിരവധി താരങ്ങൾ ഒന്നിച്ചായിരുന്നു സിനിമയുടെ പൂജ നടന്നത്.
	 
	'സിനിമയിൽ വരണമെന്നോ നടൻ ആകണമെന്നോ ആഗ്രഹിച്ച ആളല്ല ഞാൻ. കാലത്തിന്റെ നിശ്ചയം പോലെ ഞാൻ സിനിമയിൽ വന്നു. പ്രേക്ഷകരാണ് എന്നെ ഒരു സിനിമ നടനാക്കിയത്. എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. എന്റെ മകളുടെ പേര് തന്നെ വിസ്മയ മോഹൻലാൽ എന്നാണ്. ഒരു സിനിമയിൽ അഭിനയിക്കണം എന്ന് അവൾ പറഞ്ഞു. അതിനുള്ള എല്ലാ സൗകര്യങ്ങളും നമുക്കുണ്ട്. വർഷങ്ങളായി നടത്തി വരുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയും ഒപ്പം ആന്റണി പെരുമ്പാവൂരുമുണ്ട്.
	 
	ഒരു നല്ല സബ്ജക്ട് കിട്ടി അതിന്റെ പേര് തന്നെ തുടക്കം എന്നാണ്. സിനിമ യാത്രയിൽ എന്റെ താഴ്ച്ചയിലടക്കം എന്റെ ഒപ്പം ഒരുപാട് പേർ ഉണ്ടായിരുന്നു. വിസ്മയക്കും അത്തരമൊരു ഭാഗ്യം ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അപ്പുവിന്റെ ഒരു സിനിമ ഇന്ന് റിലീസാകുകയാണ്. ഇതെല്ലാം ആക്സിഡന്റൽ ആയി സംഭവിച്ച കാര്യമാണ്. രണ്ട് പേർക്കും എന്റെ ആശംസകൾ', മോഹൻലാലിന്റെ വാക്കുകൾ.