പുനീതിനൊപ്പം മോഹൻലാലും, തെന്നിന്ത്യയിലെ താര‌രാജാക്കന്മാർ ഒന്നിച്ചപ്പോൾ പിറന്നത് കന്നഡ സിനിമയ്ക്ക് അഭിമാനിക്കാവുന്ന സിനിമ

വെള്ളി, 29 ഒക്‌ടോബര്‍ 2021 (15:43 IST)
കന്നഡ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ പുനീത് രാജ്‌കുമാറിന്റെ മരണം ആരാധകർ മാത്രമല്ല സിനിമാലോകവും ഏറെ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ബാലതാരമായി വന്ന് നായകനെന്ന നിലയിൽ കന്നഡയെന്ന ചെറിയ സിനിമാ ഇൻഡസ്‌ട്രിയിലാണ് പ്രവർത്തിച്ചിരുന്നെങ്കിലും ഇന്ത്യൻ സിനിമയിൽ കന്നഡ സിനിമയ്ക്ക് സ്ഥാനം നേടികൊടുത്തവരിൽ പ്രധാനിയായിരുന്നു പുനീത് രാജ്‌കുമാർ.
 
കെ‌ജിഎഫിനും മുൻപ് കന്നഡ സിനിമ അറിയപ്പെട്ടിരുന്നത് പുനീത് രാജ്‌‌കുമാറിന്റെ പേരിലായിരുന്നു. രക്ഷിത് ഷെട്ടിയും യാഷും അടങ്ങിയ യുവനിര കന്നഡ സിനിമയ്ക്ക് പുതിയ വ്യക്തിത്വം നൽകിയപ്പോൾ ഇന്ത്യയെങ്ങും തരംഗം സൃഷ്ടിക്കാൻ പോന്ന ചിത്രങ്ങളായിരുന്നു പുനീതിൽ നിന്നും കന്നഡ സിനിമ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു താരത്തിന്റെ വിടവാങ്ങൽ.
 
ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടികൊണ്ട് തുടങ്ങിയ പുനീത് ഒരു താരമെന്നതിന് പുറമെ മികച്ച അഭിനേതാവ് കൂടിയായിരുന്നു. ഇതിന് തെളിവായിരുന്നു 2015ൽ പുനീതും മലയാളത്തിലെ സൂപ്പർ താരമായ മോഹൻലാലും ഒന്നിച്ചഭിനയിച്ച മൈത്രി എന്ന കന്നഡ സിനിമ.
 
സ്ലം ഡോഗ് മില്യണയറിന് സമാനമായി ഒരു ക്വിസ് കോമ്പറ്റീഷനിലൂടെയായിരുന്നു സിനിമ കഥ പറഞ്ഞത്. മോഹൻലാലും പുനീത് രാജ്‌കുമാറും കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിലെത്തിയപ്പോൾ മികച്ച വിജയത്തിന് പുറമെ കലാപരമായും മികച്ച് നിൽക്കുന്ന സിനിമയായി ചിത്രം മാറി. മോഹൻലാലിന് പുറമെ മലയാള താരം ഭാവനയും വേഷമിട്ട ചിത്രത്തിന്റെ മലയാള പതിപ്പും പിന്നീട് പുറത്തിറങ്ങുകയുണ്ടായി.
 
2015 ജൂൺ 12-ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ മലയാളം പതിപ്പിൽ 'കാള പ്രതാപൻ' എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവൻ മണിയായിരുന്നു.കർണാടകയിലെ 250ഓളം തിയേറ്ററികളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ 1.75 കോടി കളക്ഷൻ നേടിയിരുന്നു. 150 ദിവസം പ്രദർശിപ്പിച്ച ചിത്രം കന്നഡയിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടി‌യാണ്. ആ വർഷത്തെ കർണാടക സംസ്ഥാന സർക്കാർ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍