ഇനി സൂപ്പർ സംവിധായകന്റെ റോളിലേക്ക്, താരസമ്പന്നമായ പൂജ ചടങ്ങുകളോടെ ബറോസിന് തുടക്കം
ബുധന്‍, 24 മാര്‍ച്ച് 2021 (12:50 IST)
മോഹൻലാൽ എന്ന ഇതിഹാസനടൻ സംവിധായകൻ എന്ന പുതിയ റോളിലേക്ക് കടക്കുന്ന ചിത്രമാണ് ബാറോസ്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. താരസമ്പന്നമായ ചടങ്ങുകളോടെ ആയിരുന്നു ചിത്രത്തിന്റെ പൂജ.
മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്,ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ്, സിബി മലയിൽ തുടങ്ങി സിനിമാരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പൂജ. മോഹൻലാൽ തന്നെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നത്.
മാര്‍ച്ച് 24ന് ബറോസിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ അറിയിച്ചിരുന്നു. എല്ലാ പ്രേക്ഷകരുടെയും പ്രാർത്ഥനയും അനുഗ്രഹവും ചിത്രത്തിനുണ്ടാകണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു. ആശിർവാദ് സിനിമാസ് ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.