മഞ്ഞുമ്മലും പ്രേമലുവും ആടുജീവിതത്തിന് സ്‌റ്റേജൊരുക്കി കഴിഞ്ഞു, ഇനി സ്‌ക്രീനില്‍ മലയാളത്തിന്റെ അഭിമാനചിത്രത്തിന്റെ തേരോട്ടം

അഭിറാം മനോഹർ

ബുധന്‍, 20 മാര്‍ച്ച് 2024 (19:10 IST)
Aadujeevitham,Prithviraj
മലയാള സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കുക എന്നത് തന്റെ വലിയ ലക്ഷ്യമാണെന്ന ഏറെ നാളുകള്‍ക്ക് മുന്‍പ് തന്നെ വ്യക്തമാക്കിയ നടനാണ് പൃഥ്വിരാജ്. സ്വന്തമായി പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനുമുള്ള മലയാളത്തിന് പുറത്തും അറിയപ്പെടുന്ന നടനായി മാറുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പെ പറഞ്ഞപ്പോള്‍ കളിയാക്കലുകളാണ് പൃഥ്വി ഏറ്റുവാങ്ങിയതെങ്കിലും ഇന്ന് മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്ന സിനിമയാകുമെന്ന് കരുതുന്ന ആടുജീവിതത്തിലെ നായകനാണ് പൃഥ്വിരാജ്.
 
ആടുജീവിതം ഇന്ത്യയെങ്ങും വമ്പന്‍ വിജയമാവുകയാണെങ്കില്‍ അത് തെലുങ്കിന് ബാഹുബലിയും കന്നഡ സിനിമയ്ക്ക് കെജിഎഫും തുറന്നിട്ട പോലെ വലിയ വാതിലാകും മലയാള സിനിമയ്ക്കും തുറന്നിടുക. അതിനാല്‍ തന്നെ പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകള്‍ കേരളത്തിന് പുറത്ത് നേടിയ വലിയ വിജയം ആടുജീവിതത്തിന് കൃത്യമായ സ്‌റ്റേജൊരുക്കി നല്‍കിയിരിക്കുകയാണെന്ന് പൃഥ്വിരാജ് പറയുന്നു. ബോക്‌സോഫീസ് കണക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല താന്‍ പറയുന്നതെന്ന് പൃഥ്വി പറയുന്നു.
 
ഇപ്പോള്‍ ആളുകള്‍ മലയാളം സിനിമകളെ പറ്റി കൂടുതല്‍ സംസാരിക്കുന്നു. അതിന്റെ പ്രയോജനം എന്തായാലും ആടുജീവിതത്തിനും ലഭിക്കും.എന്തെന്നല്‍ മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും കത്തിനില്‍ക്കുമ്പോള്‍ അടുത്തത് ഏത് മലയാള സിനിമയാണ് വരുന്നതെന്ന് ആളുകള്‍ ചോദിക്കും. അവിടെയാണ് ആടുജീവിതം വരുന്നത്. സത്യത്തില്‍ നല്ലൊരു സ്‌റ്റേജ് ഒരുക്കുകയാണ് ഈ വിജയസിനിമകള്‍ ചെയ്തിരിക്കുന്നത്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.
 
മാര്‍ച്ച് 28നാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്. സിനിമയ്ക്കായി അമ്പരപ്പിക്കുന്ന മേയ്‌ക്കോവറാണ് പൃഥ്വിരാജ് വരുത്തിയിരുന്നത്. സിനിമയിലെ നജീബായി മാറാനായി 30 കിലോയോളമാണ് പൃഥ്വി കുറച്ചിരുന്നത്.മലയാളത്തിന് പുറമെ കന്നഡ,തെലുങ്ക്,തമിഴ്,ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. കന്നഡയില്‍ ഹോംബാലെയും തമിഴില്‍ റെഡ് ജയന്‍്‌സും തെലുങ്കില്‍ മൈത്രിയുമാണ് സിനിമ വിതരണം ചെയ്യുന്നത്. അതിനാല്‍ തന്നെ ഇന്ത്യയാകെ ധാരാളം സ്‌ക്രീനുകള്‍ സിനിമയ്ക്ക് ലഭിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍