നടൻ പ്രേംനസീറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ നടൻ ടിനി ടോം മാപ്പ് പറഞ്ഞിരുന്നു. താൻ പങ്കുവച്ചത് പറഞ്ഞു കേട്ട കാര്യമാണെന്നും പ്രേം നസീറിനെക്കുറിച്ച് പറയാൻ തനിക്ക് ഒരു യോഗ്യതയും ഇല്ലെന്നും ടിനി ടോം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താൻ പറഞ്ഞ വാക്കുകളിൽ ഖേദമുണ്ടെന്നും മാപ്പു പറയുന്നെന്നും ടിനി ടോം പറഞ്ഞു.
'നസീർ സാറിനെ ഞാൻ നേരിൽ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തേക്കുറിച്ച് സീനിയർ തന്ന ഒരു ഇൻഫർമേഷൻ ആണത്, ഇപ്പോൾ അദ്ദേഹം കൈമലർത്തുകയാണ്. അല്ലാതെ ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ചെടുത്തതല്ല. ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും പറയുന്നു, ടിനി ടോം പറഞ്ഞു.
നടൻ മണിയൻപിള്ള രാജുവാണ് ഇത്തരത്തിൽ പ്രേം നസീറിനെ കുറിച്ച് മോശമായി സംസാരിച്ചതെന്ന ടിനി ടോമിന്റെ ആരോപണം ചൂണ്ടിക്കാട്ടിയാണ് പുതിയ വിവാദം. ഇതിന് പിന്നാലെ മണിയൻപിള്ള രാജുവുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. ഇതിൽ കടുത്ത ഭാഷയിലാണ് ടിനി ടോമിനെതിരെ മണിയൻപിള്ള രാജു സംസാരിക്കുന്നത്.
'ഇവനൊന്നും നസീർ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാൻ അദ്ദേഹത്തിനൊപ്പം പത്തോ പതിനഞ്ചോ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ എല്ലാ അഭിമുഖങ്ങളിലും പരിപാടികളിലും പറഞ്ഞിട്ടുണ്ട്. ഇത്രയും ദൈവ തുല്യനായ ഒരു വ്യക്തിയെ കണ്ടിട്ടില്ലെന്ന്. അതിന് മുൻപോ ശേഷമോ ഒരിക്കലും ഇങ്ങനെയൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. തുടർച്ചയായി നസീർ സാറിനെ കുറിച്ചുള്ള പരിപാടികളിൽ പ്രസംഗിക്കുന്ന ആളാണ് ഞാൻ', മണിയൻ പിള്ള രാജു പറഞ്ഞു.