നിരവധി ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച മലയാളത്തിന്റെ മെഗാസ്‌റ്റാറാണ് മമ്മൂട്ടി. സെപ്റ്റംബര്‍ പതിനാലിന് എത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗാണ് തിയേറ്ററുകൾ കീഴടക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം. ഈ വർഷം തിയേറ്ററുകളിലെത്തുന്ന അഞ്ചാമത്തെ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകതകൂടി ഒരു കുട്ടനാടൻ ബ്ലോഗിന് സ്വന്തം. ഇതിനൊക്കെ പുറമേ, മമ്മൂട്ടി നായകനാകുന്ന ഇരുപതോളം ചിത്രങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോൾ പ്രേക്ഷകർക്ക് ആകംക്ഷ നൽകിക്കൊണ്ടാണ് 'അമീർ' എത്തിയിരിക്കുന്നത്. ഗ്രേറ്റ്‌ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന ചിത്രം. രണ്ട് വമ്പൻ ഹിറ്റുകൾ സമ്മനിച്ച കൂട്ടുകെട്ട് ആയതുകൊണ്ടുതന്നെയാണ് പ്രേക്ഷകർ കൂടുതൽ കാത്തിരിക്കുന്നതും.
കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ ഹിറ്റ് സിനിമയായിരുന്നു ദി ഗ്രേറ്റ് ഫാദർ. ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന് ശേഷം അബ്രഹാമിന്റെ സന്തതികളിലൂടെ ഇരുവരും വീണ്ടും ഹിറ്റ് സമ്മാനിച്ചു. ശേഷം വീണ്ടും അമീറിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം 25 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്.
കണ്‍ഫഷന്‍സ് ഓഫ് എ ഡോണ്‍ എന്ന ടാഗ് ലൈനോട് കൂടി സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വിട്ടത്. ചിത്രത്തില്‍ മമ്മൂട്ടി അധോലോക നായകനായിട്ടാണ് അഭിനയിക്കുന്നത്. മമ്മൂട്ടി സ്‌റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമേ അന്യഭാഷയില്‍ നിന്നുള്ള നിരവധി താരങ്ങളും അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വ്യത്യസ്‌തമായ നാലോളം ഗെറ്റപ്പുകളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ബിഗ് ബജറ്റ് പ്രൊജക്‌റ്റാണ് 'മാമാങ്കം'. ഇതിന് പുറമേ കുഞ്ഞാലി മരക്കാര്‍മാരുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രവും, ആക്ഷന്‍ ത്രില്ലര്‍ സിനിമയായി നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'വമ്പനും', 1980 കളില്‍ തൃശൂരില്‍ ജീവിച്ചിരുന്ന വ്യക്തിയുടെ ജീവിതകഥ പറയുന്ന 'കാട്ടാളൻ പൊറിഞ്ചു'വും, പോക്കിരി രാജയുടെ രണ്ടാം ഭാഗമായ 'മധുര രാജ'യുമാണ് ഇനി തിയേറ്ററുകൾ കീഴടക്കാനിരിക്കുന്ന മെഗാസ്‌റ്റാറിന്റെ ചിത്രങ്ങൾ.