ആകെയൊരു വിശ്വാസം അബ്രഹാമിന്‍റെ സന്തതികള്‍ മമ്മൂട്ടിച്ചിത്രമാണ് എന്നത് മാത്രമായിരുന്നു!

ബുധന്‍, 25 ജൂലൈ 2018 (15:19 IST)
മമ്മൂട്ടി തന്‍റെ കരിയറില്‍ ഒരുപാട് വലിയ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയും ആവനാഴിയും സിബിഐയും വീരഗാഥയും അപ്പൂസും രാജമാണിക്യവും ഹിറ്റ്‌ലറും ഗ്രേറ്റ്ഫാദറും എല്ലാം മലയാളം കൊണ്ടാടിയ സിനിമകളാണ്. അവയെ എല്ലാം പിന്തള്ളി അബ്രഹാമിന്‍റെ സന്തതികള്‍ വമ്പന്‍ ഹിറ്റായത് അക്ഷരാര്‍ത്ഥത്തില്‍ അപ്രതീക്ഷിതം തന്നെയാണ്.
 
അബ്രഹാമിന്‍റെ സന്തതികള്‍ക്ക് വലിയ ഹൈപ്പ് ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്തായിരിക്കും ഈ സിനിമയുടെ കഥ, എന്തായിരിക്കും മമ്മൂട്ടിയുടെ ക്യാരക്‍ടര്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ ക്യൂരിയോസിറ്റി ഉണ്ടായിരുന്നു. കനിഹയുടെയും ആന്‍സണ്‍ പോളിന്‍റെയും രണ്‍ജി പണിക്കരുടെയും സാന്നിധ്യമൊക്കെ ഹൈപ്പിന് ആക്കം കൂട്ടി.
 
മാത്രമല്ല, പുറത്തുവിട്ട ടീസറുകള്‍ ഗംഭീരമായിരുന്നു. അതൊക്കെ സത്യമാണെങ്കിലും ഇതൊരു നവാഗത സംവിധായകന്‍റെ ചിത്രമാണ്. അത്രവലിയ ബജറ്റുമല്ല. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷ ആരും വച്ചുപുലര്‍ത്തിയില്ല. ആകെയൊരു വിശ്വാസം എല്ലാവര്‍ക്കും, ഇതൊരു മമ്മൂട്ടിച്ചിത്രമാണ് എന്നതായിരുന്നു. പിന്നെ, തിരക്കഥയെഴുതിയത് ഹനീഫ് അദേനിയാണ് എന്നതും.
 
എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയമായി അബ്രഹാമിന്‍റെ സന്തതികള്‍ മാറുന്നതാണ് പിന്നീട് കണ്ടത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണം‌വാരിപ്പടമായി ഈ സിനിമ മാറുമ്പോള്‍ അത് മലയാള സിനിമയുടെ പുതിയ വളര്‍ച്ചയുടെ കഥ കൂടിയാണ്.
 
ശക്തമായ ഒരു വിഷയത്തെ സ്റ്റൈലിഷായ ഒരു ത്രില്ലറാക്കി മാറ്റാന്‍ തിരക്കഥാകൃത്ത് ഹനീഫ് അദേനിക്കും സംവിധായകന്‍ ഷാജി പാടൂരിനും കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ ഏറ്റവും പ്രധാന വിജയരഹസ്യം. മമ്മൂട്ടി എന്ന താരത്തെയും നടനെയും അതിഗംഭീരമായി ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നത് മറ്റൊരു വിജയകാരണം. എന്തായാലും ഡെറിക് ഏബ്രഹാം കളക്ഷനിലും സ്റ്റൈലന്‍ പ്രകടനം കാഴ്ചവച്ചപ്പോള്‍ മമ്മൂട്ടിയുടെ താരമൂല്യം കുതിച്ചുയരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍