ലോഹിതദാസിന്‍റെ രചനയില്‍ കൊച്ചിന്‍ ഹനീഫ ഒരുക്കിയ ‘വാത്സല്യം’ മലയാളത്തിലെ എക്കാലത്തെയും മികച്ച സൃഷ്ടികളില്‍ ഒന്നാണ്. ഈ സിനിമയെക്കുറിച്ച് എന്നും കൊച്ചിന്‍ ഹനീഫ അഭിമാനം കൊണ്ടിരുന്നു. ഒരു സിനിമ കൂടി ലോഹിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്യാന്‍ ആലോചിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിതമായി ലോഹിതദാസിനെ മരണം കവര്‍ന്നത്. പിന്നീട് ഹനീഫയും മരണത്തിന് കീഴടങ്ങി. എന്നാല്‍ ഇരുവരും സൃഷ്ടിച്ച വാത്സല്യം എന്ന സിനിമ അനശ്വരമായി നില്‍ക്കുന്നു.
ഒരു ദിവസം ലൊക്കേഷനില്‍ കൊച്ചിന്‍ ഹനീഫ താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ ലോഹിതദാസ് കടന്നു വരികയാണ്. കയ്യില്‍ പൂര്‍ത്തിയാക്കിയ തിരക്കഥയടങ്ങിയ കടലാസുകെട്ടും ഉയര്‍ത്തിപ്പിടിച്ചാണ് വരവ്. ഒപ്പം ഇങ്ങനെ ഉച്ചത്തില്‍ വിളിച്ചു പറയുന്നുമുണ്ട് - “കൊച്ചിന്‍ ഹനീഫേ നേതാവേ... ധീരതയോടെ നയിച്ചോളൂ...”
വീടുപേക്ഷിച്ചുപോയ ജ്യേഷ്ഠനെ അനുജന്‍ കാണാന്‍ വരുന്നതായിരുന്നു വാത്സല്യത്തിന്‍റെ ക്ലൈമാക്സ്. അത്രയും ലളിതമായൊരു ക്ലൈമാക്സ് എഴുതാനും അത് മലയാളത്തിലെ വലിയ ഹിറ്റുകളിലൊന്നാക്കി മാറ്റാനും ഒരു ലോഹിതദാസിന് മാത്രമേ കഴിയൂ. വാത്സല്യം മലയാളികളുടെ നെഞ്ചിലെ നീറുന്ന ഒരോര്‍മ്മയാണ്. മേലേടത്ത് രാഘവന്‍നായര്‍ സ്നേഹത്തിന്‍റെ പൊന്‍തിളക്കമുള്ള പ്രതീകവും.
കേരളത്തിലെ തിയേറ്ററുകളില്‍ 250ലേറെ ദിവസം വാത്സല്യം ഓടി. ഒരു മികച്ച കഥയുടെ ഗംഭീരമായ ചിത്രീകരണമായിരുന്നു ആ സിനിമ. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍, ഒന്നാന്തരം ഗാനങ്ങള്‍ എല്ലാം ആ സിനിമയിലുണ്ടായിരുന്നു. എസ് പി വെങ്കിടേഷായിരുന്നു സംഗീതം. ഗാനരചന കൈതപ്രവും. അലയും കാറ്റിന്‍ ഹൃദയം, താമരക്കണ്ണനുറങ്ങേണം, ഇന്നീക്കൊച്ചുവരമ്പിന്‍മേലേ എന്നീ ഗാനങ്ങള്‍ ഇന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടവയാണ്.
സംവിധായകന്‍ കൊച്ചിന്‍ ഹനീഫ ‘ഇന്നീക്കൊച്ചുവരമ്പിന്‍മേലേ...’ എന്ന ടൈറ്റില്‍ സോംഗില്‍ മാത്രമാണ് അഭിനയിച്ചത്. ഈ സിനിമയ്ക്കൊപ്പം അപ്പോള്‍ പാലക്കാട് ചിത്രീകരണം നടന്ന ‘ദേവാസുര’ത്തിലും ഒരു കഥാപാത്രത്തെ കൊച്ചിന്‍ ഹനീഫ അവതരിപ്പിക്കുന്നുണ്ടായിരുന്നു. വാത്സല്യം ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെയാണ് നായികയായ ഗീതയ്ക്ക് ആകാശദൂതിലെ നായികയാവാന്‍ ഓഫര്‍ വരുന്നത്. എന്നാല്‍ വാത്സല്യം പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ ഗീത ആകാശദൂത് വേണ്ടെന്നുവച്ചു. അത് അവരുടെ കരിയറിലെ വലിയ നഷ്ടമാകുകയും ചെയ്തു.