'പറഞ്ഞ് കഴിഞ്ഞാണ് എനിക്ക് ബോധം വരിക, ഇങ്ങനെ ഒന്നും അദ്ദേഹത്തോട് പറയരുതല്ലോ എന്ന്': വിജയ്‌യെ കുറിച്ച് മമിത

നിഹാരിക കെ.എസ്

വെള്ളി, 20 ജൂണ്‍ 2025 (09:11 IST)
പ്രഖ്യാപനം മുതൽക്കേ ഏറെ ഹൈപ്പുള്ള വിജയ് ചിത്രമാണ് ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയാണ് ജന നായകനെ ഇത്ര പോപ്പുലർ ആക്കിയത്. ജന നായകന്റെ റിലീസ് കഴിഞ്ഞാൽ വിജയ് പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങും. ജന നായകനിൽ പൂജ ഹെഗ്‌ഡെ ആണ് നായിക. പ്രിയ മണി,   മമിത ബൈജു തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ചിത്രത്തിന്റെ പൂജ ചടങ്ങിൽ വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മമിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വൻ വരവേൽപ്പാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മമിത. സൂപ്പർ കൂൾ ആയ മനുഷ്യന്‍ എന്നാണ് നടി വിജയ്‌യെ വിശേഷിപ്പിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമിത.
 
"കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്. ഒരു നല്ല കേൾവിക്കാരൻ ആണ് വിജയ് സാർ. ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞായിരിക്കും എനിക്ക് ബോധം വരുന്നത് ഇങ്ങനെ ഒന്നും പറയാൻ പാടില്ലല്ലോ എന്നോർത്ത്. ഒരു സൂപ്പർ കൂൾ മനുഷ്യൻ ആണ് അദ്ദേഹം", -മമിത പറഞ്ഞു.
 
പ്രേമലു എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹം മമിത പങ്കുവച്ചിരുന്നു. ഇത് വൈറലായി മാറുകയും ചെയ്തിരുന്നു. വിജയ് അഭിനയം നിർത്തുന്നു എന്ന് കേട്ടപ്പോൾ 'ഇനി വിജയ് സാറിന്റെ കൂടെ ആക്ടിങ് നടക്കില്ലല്ലോ' എന്നാണ് തന്റെ മനസ്സിൽ ആദ്യം വന്ന ചിന്ത. വിജയ് സിനിമകൾ തിയറ്ററുകളിൽ ആഘോഷമാണ്. അത് മിസ് ചെയ്യും. ഗില്ലി മുതൽ താൻ ഒരു കട്ട ഫാനാണെന്നും മമിത അഭിമുഖത്തിൽ പറഞ്ഞിരുന്നു.
 
അതേസമയം, 2026 ജനുവരി 9 ന് ആണ് 'ജന നായകൻ' തിയറ്ററിൽ എത്തുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍