കോളേജില്‍ നിന്ന് കുറേ പെണ്‍കുട്ടികള്‍ വന്നു ഓട്ടോഗ്രാഫ് വാങ്ങി, അതിലൊരാള്‍ പ്രിയയായിരുന്നു; റൂമിലെ വാതിലിലൂടെ ചാക്കോച്ചന്‍ ആ പെണ്‍കുട്ടിയെ നോക്കി നിന്നു, ചോക്ലേറ്റ് നായകന്റെ വിവാഹം ഇങ്ങനെ
എക്കാലത്തും മലയാളികളുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. ഒരുകാലത്ത് രക്തം കൊണ്ട് എഴുതിയ കത്ത് വരെ ആരാധികമാര്‍ കുഞ്ചാക്കോ ബോബന് അയച്ചിട്ടുണ്ട്. പക്ഷേ, സിനിമയിലും പുറത്തും ആരാധികമാര്‍ ഏറെയുള്ള ചാക്കോച്ചന് എല്ലാം പ്രിയയായിരുന്നു. സിനിമ കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രിയ ചാക്കോച്ചന്റെ ജീവിതസഖിയായി എത്തി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. താന്‍ പ്രിയയെ പരിചയപ്പെട്ടതിനെ കുറിച്ചും തങ്ങളുടെ വിവാഹം നടന്നതിനെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്ത് നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് താന്‍ പ്രിയയെ ആദ്യമായി കണ്ടതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. നക്ഷത്രത്താരാട്ടിന്റെ ഷൂട്ടിങ്ങിനായി പങ്കജ് ഹോട്ടലിലാണ് താരം താമസിച്ചിരുന്നത്. ഒരു ദിവസം ഹോട്ടലിലേക്ക് തന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ കുറച്ച് പെണ്‍കുട്ടികള്‍ എത്തിയെന്നും അതില്‍ ഒരാളായിരുന്നു പ്രിയയെന്നും ചാക്കോച്ചന്‍ ഓര്‍ക്കുന്നു.
'ഒരു ദിവസം എന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ മാര്‍ ഇവാനിയോസ് കോളേജിലെ കുറെ പെണ്‍കുട്ടികള്‍ റിസപ്ഷനില്‍ വന്നു. ഞാനോരോ കുട്ടികളോടും പേര് ചോദിച്ച് പുഞ്ചിരി സമ്മാനിച്ച് ഓട്ടോഗ്രാഫ് നല്‍കി. അതില്‍ വിടര്‍ന്ന കണ്ണുകളുള്ള ഒരു കുട്ടി എന്റെ കണ്ണില്‍ ഉടക്കി. ഇപ്പോഴും ഓര്‍മയുണ്ട് കറുത്ത ഡ്രസ് അണിഞ്ഞ ആ കുട്ടി പാമ്പ് പോലുള്ള പൊട്ട് കുത്തിയിരുന്നു. ബ്ലാക് മെറ്റല്‍ കൊണ്ടുള്ള കമ്മലും മാലയും വളയും വിടര്‍ന്ന കണ്ണുകളുള്ള ആ പെണ്‍കുട്ടി ഇടയ്ക്കിടെ എന്നെ നോക്കിക്കൊണ്ടിരുന്നു. വിത്ത് ലവ് എന്നെഴുതി ഞാന്‍ ഓട്ടോഗ്രാഫ് നല്‍കി. അവര്‍ ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍ സ്റ്റെയര്‍കേസ് ചാടിക്കയറി റൂമിലെത്തി ഞാന്‍ വാതിലിലൂടെ അവര്‍ ഹോട്ടലിന്റെ ഗേറ്റ് കടന്ന് പോകുന്നത് നോക്കിനിന്നു. അന്നുമുതല്‍ ആ കുട്ടിയോട് എന്തോ ഒരു ആകര്‍ഷണം എന്നില്‍ ഉണ്ടായിരുന്നു, ' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
കുറെ നാളുകള്‍ക്ക് ശേഷം തന്റെ മൊബൈലിലേക്ക് പ്രിയ വിളിച്ചെന്ന് കുഞ്ചാക്കോ ബോബന്‍ ഓര്‍ക്കുന്നു. ഫോണ്‍ വിളി പതിവായി. ഇന്‍കമിങ്, ഔട്ട്‌ഗോയിങ് കോളുകള്‍ക്ക് ചാര്‍ജ് ചെയ്യുന്ന കാലമായിരുന്നു അത്. പ്രിയയെ വിളിക്കാന്‍ താന്‍ അക്കാലത്ത് കുറേ കഷ്ടപ്പെട്ടിട്ടുണ്ടെന്നും ചാക്കോച്ചന്‍ ഓര്‍ക്കുന്നു.
'ഇടിയും മിന്നലുമുള്ള ആ രാത്രികളില്‍ പരിസരബോധം മറന്ന് ഞാന്‍ ഫോണ്‍ ചെയ്തിട്ടുണ്ട്. അങ്ങനെ സാഹസികമായ ഒരു പ്രണയകാലം എനിക്കുണ്ടായിരുന്നു. പ്രണയം മൂത്തപ്പോള്‍ ഞാനും അപ്പനും കൂടി അവളുടെ വീട്ടില്‍ പോയി സംസാരിച്ചു. എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. പഠനം കഴിഞ്ഞ് വിവാഹം എന്നതായിരുന്നു ധാരണ. ഫോണ്‍കോളുകള്‍ പോലെ കെട്ടുകണക്കിന് തിരക്കഥ പോലെ കത്തുകളും ഞങ്ങള്‍ കൈമാറിയിട്ടുണ്ട്,' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.