കൊവിഡ് ബാധിച്ച് മരിച്ച നടിയും ഗായികയുമായ മഞ്ജുവിന്റെ ഓര്‍മ്മകളിലാണ് കിഷോര്‍ സത്യ.വാതോരാതെയുള്ള വാര്‍ത്തമാനങ്ങളും ചിരിയുമൊന്നും ഇനി ഒരു ലൊക്കേഷനിലും ഉണ്ടാവില്ല,വാര്‍ത്ത തന്നെ നൊമ്പരത്തുരുത്തിലേയ്ക്ക് വലിച്ചെറിഞ്ഞെന്നും മഞ്ജുവിനെ ഓര്‍ത്തുകൊണ്ട് അദ്ദേഹം പറയുന്നു.
കിഷോര്‍ സത്യയുടെ വാക്കുകളിലേക്ക്
ഇന്നലെ രാത്രി 10 മണിയോടെ സംവിധായകന് അന്‍സാര്‍ ഖാന് വിളിച്ച് പറഞ്ഞു 'കിഷോര്‍, നമ്മുടെ സീരിയലില്‍ ഹൌസ് ഓണര്‍ ആയി അഭിനയിച്ച മഞ്ജു കോവിഡ് വന്ന് മരിച്ചു എന്ന് ചില ഗ്രൂപ്പുകളില്‍ കണ്ടു. സത്യമാണോ എന്ന് തിരക്കാന്‍ ചിലരോട് പറഞ്ഞിട്ടുണ്ട്. കിഷോറും നിജസ്ഥിതി ഒന്ന് അന്വേഷിച്ചോളൂ..'കേട്ടപ്പോള്‍ ഉള്ളൂലഞ്ഞുവെങ്കിലും സത്യമാവില്ല എന്ന് തന്നെ കരുതി.പക്ഷെ നേരം വെളുത്തു ഫോണ്‍ നോക്കിയപ്പോള്‍ പലരും ഈ വാര്‍ത്ത പങ്കുവെച്ചിരുന്നു.പല ഓണ്‍ലൈന്‍ വാര്‍ത്തലിങ്കുകളും ചിലര്‍ വാട്സ്ആപ്പ് ചെയ്തിരുന്നു. അതില്‍ ഒരെണ്ണത്തില്‍ അദ്ദേഹത്തിന്റെ പിതാവിന്റെ പേര് പട്ടം സ്റ്റാന്‍ലി എന്ന് പരാമര്‍ശിച്ചിരുന്നു. (എന്നാല്‍ മഞ്ജുവോ അദ്ദേഹമോ ഈ കാര്യം ഇതുവരെ എന്നോട് പറഞ്ഞിരുന്നില്ല) അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാമായിരുന്നു എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാള്‍ ആയിരുന്നു അദ്ദേഹം.
സ്റ്റാന്‍ലി ചേട്ടനെ വിളിക്കുമ്പോഴും ഇതൊരു വ്യാജ വാര്‍ത്ത ആവണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വിളിച്ചത്.പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ നൊമ്പരത്തിന്റെ തുരുത്തിലേക്കു വലിച്ചെറിഞ്ഞു.പെട്ടന്ന് നെഞ്ചിനൊരു ഭാരവും ശ്വാസം മുട്ടല്‍ പോലെ തോന്നിയപ്പോള്‍ മഞ്ജു ആശുപത്രിയില്‍ പോയി.(അതിന് മുന്‍പ് മറ്റ് കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നാണ് സ്റ്റാന്‍ലി ചേട്ടന് പറഞ്ഞത് )ചെന്നപ്പോഴേ ഓക്സിജന്‍ കൊടുത്തു ഐസിയു ഒഴിവില്ലായിരുന്നു.
2 ദിവസം കഴിഞ്ഞാണ് ഐസിയു ബെഡ് കിട്ടിയത്. 7-8 ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മഞ്ജു യാത്രയായി.അവരുടെ വാതോരാതെയുള്ള വാര്‍ത്തമാനങ്ങളും ചിരിയുമൊന്നും ഇനി ഒരു ലൊക്കേഷനിലും ഉണ്ടാവില്ല.ഉള്ളില്‍ ഒരുപാട് വേദനകളും അസ്വസ്ഥതകളും ഒളിപ്പിച്ചു വെച്ചാണ് മഞ്ജു നമ്മെ നോക്കി ചിരിച്ചതെന്നു സ്റ്റാന്‍ലി ചേട്ടന് ഇന്ന് പറയുമ്പോള്‍ മാത്രമാണ് അറിയുന്നത്.