കര്‍ണന്‍ പോയെങ്കില്‍ പോകട്ടെ, പൃഥ്വിരാജ് ‘കാളിയന്‍’ പ്രഖ്യാപിച്ചു!
തിങ്കള്‍, 26 ഫെബ്രുവരി 2018 (21:48 IST)
പൃഥ്വിരാജ് നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കാളിയന്‍’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും പണച്ചിലവേറിയ പ്രൊജക്ടുകളിലൊന്നായിരിക്കും ഇത്. നവാഗതനായ എസ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബോളിവുഡ് സംഗീത രംഗത്തെ അതികായരായ ശങ്കര്‍ എഹ്‌സാന്‍ ലോയ് ആദ്യമായി സംഗീതം നല്‍കുന്ന മലയാള ചിത്രമായിരിക്കും കാളിയന്‍. ബി ടി അനില്‍കുമാറാണ് തിരക്കഥ രചിക്കുന്നത്.
ചിത്രത്തിന്‍റെ ആദ്യലുക്കും യൂട്യൂബ് വീഡിയോയും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ഏറെ ശാരീരികാധ്വാനം വേണ്ടിവരുന്ന ഒരു പ്രൊജക്ടായിരിക്കും കാളിയന്‍. ഈ കഥാപാത്രത്തിനായി പൃഥ്വിരാജ് വീണ്ടും സിക്സ് പാക് ശരീരം സൃഷ്ടിക്കും.
കുഞ്ചിറക്കോട്ട് കാളി അഥവാ കാളിയന്‍ എന്ന കഥാപാത്രത്തിന്‍റെ പോരാട്ടത്തിന്‍റെ കഥയാണ് കാളിയന്‍ പറയുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.
വേണാടിന്‍റെ വീരഗാഥയിലെ പാടിപ്പുകഴ്ത്താത്ത നായകനായിരുന്നു കാളിയന്‍. സ്വന്തം നാടിനായി ജീവന്‍ പണയം വച്ച് പൊരുതിയ ഇരവിക്കുട്ടിപ്പിള്ളയുടെയും കാളിയന്‍റെയും കഥ സ്ക്രീനില്‍ കാണാന്‍ ഇനി അധികം കാത്തിരിക്കേണ്ടിവരില്ല.
ഈ വര്‍ഷം തന്നെ കാളിയന്‍റെ പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കാനാണ് പൃഥ്വിരാജിന്‍റെ തീരുമാനം. ‘കര്‍ണന്‍’ കൈവിട്ടുപോയതുപോലെ കാളിയന്‍റെ കാര്യത്തില്‍ സംഭവിക്കുകയില്ല.