മമ്മൂട്ടിയുടെ വണ്ടി തടഞ്ഞുനിര്‍ത്തി ജോജു ജോര്‍ജ്; ആദ്യ കൂടിക്കാഴ്ച മറക്കാതെ താരം

വെള്ളി, 8 ഒക്‌ടോബര്‍ 2021 (15:42 IST)
ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നായക നടനാണ് ജോജു ജോര്‍ജ്. വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് തന്റെ സിനിമാജീവിതമെന്ന് ജോജു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തുടക്കകാലത്ത് മമ്മൂട്ടി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയുടെ കെയ്‌റോഫില്‍ നിരവധി സിനിമകളില്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും ജോജു പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. 
 
മമ്മൂട്ടിയെ താന്‍ ആദ്യമായി കണ്ട സംഭവവും പഴയൊരു അഭിമുഖത്തില്‍ ജോജു വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂക്കയുടെ വണ്ടി തടഞ്ഞുനിര്‍ത്തി അദ്ദേഹത്തെ ഇമിറ്റേറ്റ് ചെയ്തു കാണിച്ച അനുഭവം തനിക്കുണ്ടെന്നാണ് ജോജു പറയുന്നത്. 
 
'ഞാന്‍ മമ്മൂക്കയുടെ വണ്ടി തടഞ്ഞുനിര്‍ത്തി അദ്ദേഹത്തെ അനുകരിച്ചിട്ടുണ്ട്. അതാണ് ആദ്യ കൂടിക്കാഴ്ച. നാട്ടില്‍ നിന്ന് ഒരു സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കാന്‍ പോകുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ മമ്മൂക്കയും ബിജു മേനോനും കൂടി പുറത്തേക്ക് വരുന്നു. ജനസാഗരമായിരുന്നു അവിടെ. മമ്മൂക്കയെ കണ്ടപ്പോള്‍ ആളുകളൊക്കെ രണ്ട് ഭാഗത്തേക്ക് നീങ്ങി. നടുക്കിലൂടെ മമ്മൂക്ക നടന്നുവരുന്നു. മമ്മൂക്കയെ കണ്ട എക്‌സൈറ്റ്‌മെന്റില്‍ ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് ചാടി. 'ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ,' എന്ന ഡയലോഗ് പറഞ്ഞ് മമ്മൂക്കയെ അനുകരിച്ചു. അദ്ദേഹം എന്നെ നോക്കി ചിരിച്ച്, സൈഡിലേക്ക് മാറ്റിനിര്‍ത്തി. മമ്മൂക്കയെയാണ് അനുകരിച്ചതെന്ന് പുള്ളിക്ക് മനസിലായി കാണുമോ എന്ന് എന്റെ സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചു. അപ്പോള്‍ എനിക്കും സംശയമായി. എയര്‍പോര്‍ട്ടില്‍  നിന്ന് മമ്മൂക്ക പോയ വണ്ടിക്ക് പിന്നാലെ ഞങ്ങളും പോയി. ഒരു റെയില്‍വെ ഗേറ്റിന്റെ അവിടെ മമ്മൂക്കയുടെ വണ്ടി നിര്‍ത്തി. ഞാന്‍ ഓടിപ്പോയി ആ വണ്ടിക്ക് വട്ടം നിന്നു. ഗ്ലാസില്‍ തട്ടിയപ്പോള്‍ മമ്മൂക്ക ഗ്ലാസ് താഴേക്ക് തുറന്നു. ഞാന്‍ മമ്മൂക്കയെ വീണ്ടും അനുകരിച്ചു. അദ്ദേഹം എന്നെ നോക്കി ചിരിച്ച് എനിക്ക് ഷെയ്ക്ഹാന്‍ഡ് നല്‍കി. പിന്നീട് മമ്മൂക്കയുടെ പല സിനിമകളിലും എനിക്ക് അദ്ദേഹം റോളുകള്‍ തന്നു തുടങ്ങി. ചില സിനിമകളുടെ സെറ്റില്‍ പോകുമ്പോള്‍ ജോജു, കെയ്‌റോഫ് മമ്മൂട്ടി എന്നൊക്കെ എഴുതിയിരിക്കുന്നത് കാണാം. മമ്മൂക്കയുമായി നിങ്ങള്‍ക്ക് ഇത്രയും കണക്ഷനുണ്ടോ എന്നൊക്കെ എല്ലാവരും എന്നോട് ചോദിക്കാറുണ്ട്,' ജോജു പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍