bhramayugam: ഭ്രമയുഗത്തിലെ മമ്മൂട്ടി കടമറ്റത്ത് കത്തനാരുടെ സ്നേഹിതനായ കുഞ്ചമൺ പോറ്റിയോ? ഐതീഹ്യമാലയിലെ കഥാപാത്രമെങ്കിൽ സിനിമ വേറെ ലെവൽ

അഭിറാം മനോഹർ
ചൊവ്വ, 6 ഫെബ്രുവരി 2024 (13:37 IST)
Mammootty Bhramayugam
മലയാള സിനിമയ്ക്ക് ഒട്ടും പരിചയമില്ലാത്ത ദുര്‍മന്ത്രവാദത്തിന്റെയും ദുര്‍മൂര്‍ത്തികളെ പ്രീതിപ്പെടുത്തിയിരുന്ന കാരണവരുടെയും കഥയാണ് മലയാള സിനിമയായ ഭ്രമയുഗം പറയുന്നത് എന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ ആദ്യത്തെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാകും ഒരുങ്ങുന്നതെന്നും മമ്മൂട്ടി ദുര്‍മന്ത്രവാദിയായ ഒരു കാരണവര്‍ കഥാപാത്രത്തെയാകും അവതരിപ്പിക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 
സിനിമ റിലീസിനോട് അടുക്കുമ്പോള്‍ ഭ്രമയുഗത്തില്‍ കുഞ്ചമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് അറിയുന്നത്. കേരളത്തിലെ യക്ഷിക്കഥകളെയും ദുര്‍മന്ത്രവാദികളുടെ തറവാടുകളെയുമെല്ലാം പറ്റി പ്രതിപാദിക്കുന്ന കൊട്ടാരത്ത് ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ ചാത്തനെ സേവിച്ച് പ്രത്യക്ഷരാക്കിയിരുന്ന കുഞ്ചമണ്‍ മഠത്തെ പറ്റിയും കുഞ്ചമണ്‍ പോറ്റിയെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ദുര്‍മന്ത്രവാദിയായിരുന്ന കടമറ്റത്ത് കത്തനാരുടെ കാലത്ത് തന്നെയായിരുന്നു കുഞ്ചമണ്‍ പോറ്റിയും ജീവിച്ചിരുന്നത്. ഇരുവരും ഉറ്റസ്‌നേഹിതരായിരുന്നുവെന്നും ഐതീഹ്യമാലയില്‍ പറയുന്നു.
 
ചാത്തനെ സേവിച്ചിരുന്ന കുഞ്ചമണ്‍ പോറ്റിയ്ക്ക് ഭൃത്യന്മാരായി ഉണ്ടായിരുന്നതും ചാത്തന്മാരായിരുന്നു. ഈ ചാത്തന്മാരെ ഉപയോഗിച്ച് എന്ത് ചെയ്യുവാനും കുഞ്ചമണ്‍ പോറ്റിയ്ക്ക് സാധിച്ചിരുന്നു. ദുര്‍മന്ത്രവാദിയായിരുന്ന കടമറ്റത്ത് കത്തനാര്‍ക്ക് പോലും ചാത്തന്മാരെ തന്റെ ആശ്രിതരാക്കുവാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഒരിത്തിരി അസൂയയും കത്തനാര്‍ക്ക് പോറ്റിയോട് ഉണ്ടായിരുന്നു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഒരിക്കല്‍ ഇരുവരും തങ്ങളുടെ കഴിവുകള്‍ കൊണ്ട് മത്സരിച്ചെന്നും എന്നാല്‍ അതിന് ശേഷം ഇരുവരും ഒരിക്കലും തമ്മില്‍ മത്സരിക്കില്ലെന്ന് യോജിപ്പിലെത്തിയെന്നും ഐതീഹ്യമാലയില്‍ കൊട്ടാരത്ത് ശങ്കുണ്ണി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article