മലയാളത്തിലെ യക്ഷിക്കഥകൾക്ക് പുതിയൊരു മാനം നൽകിയ സിനിമയായിരുന്നു ഇന്ദ്രിയം. വാണി വിശ്വനാഥ് നായികയായ സിനിമ 70 ദിവസത്തിലധികം ഓടി. 25 വർഷം പൂർത്തിയാകുന്ന വേളയിൽ കുറിപ്പുമായി തിരക്കഥാകൃത്തും സംവിധായകനുമായ കെ.പി. വ്യാസൻ. ലോക സിനിമ ഇറങ്ങിയ ശേഷവും ഇന്ദ്രിയവുമായി ബന്ധപ്പെടുത്തി ചില കോർത്തിണക്കലുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് വ്യാസന്റെ കുറിപ്പ്.
വ്യാസന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഇന്ദ്രിയത്തിന്റെ 25 വർഷങ്ങൾ....
ആയിരത്തി തൊള്ളായിരത്തി തൊണ്ണുറ്റി ഒൻപത് സെപ്തമ്പർ മാസം പതിനാറ്. നോർത്ത് പരമാര റോഡിലെ പഴയ എലൈറ്റ് ഹോട്ടലിലെ റൂം നമ്പർ 101 ശ്രീധർ തിയേറ്റർ മാനേജർ രാം കുമാർ,സവിധായകൻ ജോർജ്ജ്കിത്തു,എലൈറ്റ് മാനേജർ സെബാസ്റ്റിൻ, സെബാസ്റ്റിൻ ചേട്ടന്റെ സുഹൃത്ത് മാത്തൻ,പിന്നെ ഞ്ഞാനും, ആ അടുത്ത് കണ്ട രാം ഗോപാൽ വർമ്മയുടെ ദേയം എന്ന തെലുങ്ക്‍ ചിത്രത്തിന്റെ തമിഴ് പതിപ്പ് “പേയ്” എന്ന പേരിൽ ഡി ട്ടി എസ്സ് ന്റെ ഇന്ത്യൻ പാർട്ട്ണർമാരായ റിയൽ ഇമേജ് സൌണ്ട് എക്സ്പിരിമെന്റിനുവേണ്ടി ഡി ട്ടി എസ്സിൽ റീ മിക്സ് ചെയ്ത് ഇറക്കിയ വേർഷൻ കാണാൻ ഇടയായ സംഭവം വിവരികുകയായിരുന്നു ഞ്ഞാൻ.
ഇതുവരെ നമ്മൾ കണ്ടത് ഹൊറർ സിനിമകൾ മാത്രമായിരുന്നെങ്കിൽ,”പേയ്” നല്കിയത് നമ്മൾ കാണുകയും, കേൾക്കുകയും ചെയ്യുന്ന ഒരു ഹൊറർ അനുഭവമാണെന്നും,ഭാവിസിനിമ ദൃശ്യത്തിന്റേതുമാത്രമല്ല ശബ്ദത്തിന്റേതും കൂടിയായിരിക്കുമെന്ന് ആ ചിത്രം കണ്ട അനുഭവത്തിൽ ഞ്ഞങ്ങളുടെ ചർച്ച എത്തുന്നു (ഞ്ഞാനും,രാമ്കുമാർചേട്ടനും ഹോളീവുഡ് ചിത്രങ്ങൾ വിതരണം ചെയ്യുന്ന ഷേണായ് സിനിമാക്സിലെ ജോലിക്കാർ കൂടിയായതിനാൽ 94 മുതൽ ഡോൾബിയും,ഡി ട്ടി എസ്സും നല്കുന്ന അനുഭവങ്ങളെ കുറിച്ച് ചിര പരിചിതരാണു)
എന്തുകൊണ്ട് മലയാളത്തിൽ അത്തരം ഒരു ചിത്രം ഉണ്ടാക്കിക്കൂടാ? ചർച്ച രാവേറെ നീണ്ടു... ഞ്ഞാൻ എന്റെ ഒരു സ്റ്റോറി ഐഡിയ പറയുന്നു,അതെല്ലാവർക്കും ഇഷ്ടപ്പെടുന്നു, മാത്തൻ നിർമ്മിക്കാമെന്ന് സമ്മതിക്കുന്നു,ജോർജ്ജ് കിത്തു സവിധാനം ചെയ്യട്ടെ എന്ന് എല്ലാവരും തീരുമാനിക്കുന്നു,പിന്നെ എല്ലാം പെട്ടന്നായിരുന്നു,പിറ്റേന്ന് മാത്തനു നാട്ടിലേക്ക് പോകേണ്ടതിനാൽ നാളെതന്നെ കഥ വേണമെന്നായി.
അന്ന് രാത്രി എലൈറ്റിലെ 106ആം നമ്പർ റൂമിൽ ഉറക്കമിളച്ചിരുന്ന് വൺലൈൻ എഴുതി പൂർത്തിയാക്കുന്നു. പിറ്റേന്ന് രാവിലെ സെബാസ്റ്റിൻ ചേട്ടന്റെ ഒരിക്കലും ലോക്ക് ചെയ്യാത്ത എലൈറ്റിലെ ഓഫീസ് റൂമിന്റെ മേശപ്പുറത്ത് വൺ ലൈൻ കവറിലിട്ടു വച്ച് ഞാൻ എന്റെ ഓഫീസിലേക്ക് പോകുന്നു, ഉച്ചയ്ക്ക് ശേഷം വൺ ലൈൻ ചർച്ചയ്ക്കായ് ബി.ജയചന്ദ്രനെക്കുടി വിളിക്കുന്നു വൈകീട്ടോടെ മാത്തൻ നാട്ടിലേക്ക് പോകുന്നു,ജയചന്ദ്രൻ ചേട്ടൻ തിരക്കഥ എഴുതാൻ വൺലനും കൊണ്ടു പോകുന്നു,പിന്നീട് എലൈറ്റിലെ റൂം നമ്പർ101 ഇന്ദ്രിയത്തിന്റെ പ്രൊഡകഷൻ ഓഫീസ് ആയിമാറുകയായിരുന്നു ആ മുറിയിൽ നിന്ന് ഞ്ഞാൻ എന്ന കഥാകൃത്തിനെ സൃഷ്ടിച്ചത് എലൈറ്റ് മാനേജർ സെബാസ്റ്റിൻ ചേട്ടനാണു.
കുട്ടിക്കാനത്ത് 1999ലെ തണുത്ത ഡിസംബറിൽ ചിത്രീകരണം തുടങ്ങി 2000 മെയ് 5നു റിലീസ് ചെയ്ത ഇന്ദ്രിയം പിന്നീട് മലയാള സിനിമയിൽ എഴുതിയത് ചരിത്രം. വെറും ഒരു നായികയുടെ ചിത്രം മാത്രം വച്ച് സൂപ്പർതാര ചിത്രങ്ങളുടെ ഇനീഷ്യൽ തീർത്ത വിസ്മയം! വാണീ വിശ്വനാഥ് സൂപ്പർതാര സ്റ്റാറ്റസ് ഉള്ള നായികയായി മാറി!! ഷേണായീസ് തിയേറ്ററിൽ വിസ്താരമയിൽ തുടർച്ചയായി 70 ദിവസം പ്രദർശിപ്പിച്ചു,ഇൻഡ്യയിലെ എല്ലാഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു.
ഇക്കഴിഞ്ഞ ദിവസം ഇന്ദ്രിയത്തിലെ പ്രധാന വേഷങ്ങളിൽ ഒന്ന് ചെയ്ത നിഷാന്ത് സാഗർ എന്നെ വിളിക്കുന്നു “ചേട്ടാ,എന്തൊക്കെ കഥകളാണു, ഇപ്പൊ ഇന്ദ്രിയത്തെ കുറിച്ച് പറയുന്നത്....ആളുകൾ പുതിയ തിയറികൾ ഉണ്ടാക്കുകയാണല്ലൊ?” നിഷാന്തിന്റെ ആ വിളിയാണു ഈ കുറിപ്പ് എഴുതാൻ കാരണം.
ഇന്ദ്രിയത്തിനു ശേഷം പിന്നെ എന്താണു അതേ പോലൊരു കഥയെഴുതാതിരുന്നതെന്ന് എന്നോട് പലരും ചോദിച്ചു,എനിക്കൊന്നേ മറുപടിയുള്ളൂ കാലഘട്ടത്തിനു അനുസരിച്ച് മാറ്റങ്ങൾ ഇല്ലാതെ ഹൊറർ ചിത്രം ചെയ്യരുത്, അതിനു സമീപകാലത്തെ എറ്റവും മികച്ച ഉദാഹരണമാണു “ലോക”. ഇന്ദ്രിയം ഇറങ്ങി എതാണ്ട് 24 വർഷങ്ങൾക്ക് ശേഷമാണു ഞ്ഞാൻ ഈ കാലഘട്ടത്തിനനുസരിച്ച ഒരു പ്രേതകഥ എഴുതാൻ തുടങ്ങുന്നത്.
എന്റെ അടുത്ത സുഹൃത്തുക്കളായ എഴുത്ത്കാരും സവിധായകരുമായ ചിലരോട് ഞ്ഞാൻ ആ കഥ പങ്കുവെയ്ക്കുന്നു,കേട്ടവർക്കെല്ലാം ഗംഭീരം എന്നഭിപ്രായം.ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥാ മിനുക്ക് പണികൾ നടക്കുന്നതിനാൽ അത് കഴിഞ്ഞ് എഴുതാമെന്നു തീരുമാനിക്കുന്നു, അതിനിടയിൽ ഇടിതീപോലെ ഒരു സവിധായകൻ എന്നെ വിളിച്ച് പറയുന്നു,”നിന്റെ കഥ പോയെടാ,നസ്ലിനും,കല്യാണിയും അഭിനയിക്കുന്ന ലോകയുടെ കഥ ഇതു തന്നെയാണു” ഞ്ഞാനൊന്നു ഞ്ഞെട്ടി. എങ്കിലും അങ്ങിനെയാവാൻ വഴിയില്ലെന്ന് എന്റെ മനസ്സ് പറഞ്ഞെങ്കിലും, ആ ചിത്രം റിലീസ് ചെയ്ത ശേഷം ഇനി ആ കഥയെ കുറിച്ച് ചിന്തിച്ചാൽ മതി എന്ന് തീരുമാനിച്ച് ഞ്ഞാൻ ഈ ഡിസംബറിൽ തുടങ്ങേണ്ട ദിലീപ് ചിത്രത്തിലേക്ക് പൂർണ്ണമായും മുഴുകി.
മാസങ്ങൾക്ക് മുൻപാണു ഞ്ഞാൻ അസ്സോസിയേറ്റ് ഡയറക്ടർ സുജിത്ത് സുരേഷിനോട് ഈ കഥ പറഞ്ഞപ്പോൾ അവൻ പറഞ്ഞു “ചേട്ടാ,ഈ കഥയുമായ് ലോകയ്ക്ക് യാതൊരു ബന്ധവുമില്ല, ചേട്ടൻ ധൈര്യമായ് വർക്ക് ചെയ്തോ” കാരണം സുജിത്ത് സുരേഷായിരുന്നു ലോകയുടെ അസോസ്സിയേറ്റ്!
നേരത്തെ പറഞ്ഞതുപോലെ മാറിയ കാലത്ത് എങ്ങിനെയാണു ഒരു യക്ഷിക്കഥ പറയേണ്ടത് എന്നതിനു എറ്റവും മികച്ച ഉദാഹരണമാണു ലോക. ഇതുപോലെ ഒരു ഗംഭീര ചിത്രത്തിന്റെ ച്ർച്ചകളിൽ ഇന്ദ്രിയം പോലൊരു ചിത്രത്തെ പ്രതിപാതിക്കുന്നത് തന്നെ വലിയ ബഹുമതിയാണു. ഇന്ദ്രിയം കഴിഞ്ഞ് ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും സൂപ്പർതാരാധിപത്യത്തിൽ നിറഞ്ഞു നില്ക്കുന്ന മലയാള സിനിമയിൽ ഒരു നായികയെ മുൻ നിർത്തി ഇതുവരെ മലയാള സിനിമ സൃഷ്ടിച്ച എല്ലാ കളക്ഷൻ റേക്കോഡുകളും തകർത്തെറിഞ്ഞ് ലോക, പുതിയൊരു “ലോക വിജയം” നേടുന്നുണ്ടെങ്കിൽ അത് ഈ ചിത്രത്തിന്റെ ശില്പ്പികളുടെ കഴിവിന്റെ അളവുകോലാണു.
ഇനി സംവിധായകൻ ഡൊമിനിൿ അരുണിനോടാണു നിങ്ങൾ സാധാരണ സിനിമാ പ്രേക്ഷകർക്കുവേണ്ടി എടുത്ത ചിത്രമാണു ലോക അവർ അത് മുൻപെങ്ങുമില്ലാത്ത വിധത്തിൽ ഇരികൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു, ചിലനിരൂപകരും,ബുദ്ധിജീവികളും പറയുന്നതല്ല നിങ്ങളുടെ വിജയിത്തിന്റെ അളവുകോൽ അത് സാധാരണ പ്രേക്ഷർ നല്കുന്നതാണു,അതവർ നല്കിക്കഴിഞ്ഞു.
പൂർണ്ണചന്ദ്രനെ നോക്കിയെ കുറുക്കന്മാർ ഓരിയിടൂ. ഒരു ഉദാഹരണം പറഞ്ഞ് നിറുത്താം. ഇന്ദ്രിയം നിറഞ്ഞ സദസ്സിൽ ഓടുന്നത് കണ്ട് ഒരു നിരൂപകൻ ചലച്ചിത്രവാരികയിൽ എഴുതിയ നിരൂപണത്തിന്റെ തലക്കെട്ട് ഇതാണു, “ഇന്ദ്രിയം പ്രേക്ഷകനെ മയക്കുന്ന കറുപ്പാണു.
നബി:ഈ നിരൂപകൻ പിന്നീട് സിനിമയിൽ വന്നു, ഇന്ദ്രിയത്തിന്റെ വിജയത്തിനടുത്തെത്തുന്നൊരു വിജയം നേടാൻ അദ്ധേഹത്തിനിതുവരെ കഴിഞ്ഞില്ലെന്നത് മറ്റൊരു ചരിത്രം.