അപ്പന്‍ ഉണ്ട് കൂടെ നീ ധൈര്യമായി ഇറങ്ങിക്കോടാ,ജോലി രാജി വെച്ച് ചെന്നൈക്ക് വണ്ടി കയറ്റി, ജീവിതത്തിലെ സൂപ്പര്‍ ഹീറോയെക്കുറിച്ച് അഭിലാഷ് പിള്ള
ഇന്‍ഫോപാര്‍ക്കിലെ ജോലി രാജി വെച്ച് സ്വപ്നം നേടാന്‍ ധൈര്യമായി ഇറങ്ങിക്കോടാ അപ്പന്‍ ഉണ്ട് കൂടെ എന്ന് പറഞ്ഞ് 2013ല്‍ ചെന്നൈക്ക് വണ്ടി കയറ്റി വിട്ട അച്ഛനോടാണ് അഭിലാഷിന് എന്നും സ്‌നേഹക്കൂടുതല്‍. സ്വപ്നം നേടാന്‍ എടുത്ത 8 വര്‍ഷത്തില്‍ പലപ്പോളും പലരുടെ ഭാഗത്തു നിന്നും വന്ന കളിയാക്കലുകളും വേദനിപ്പിക്കലും പലപ്പോഴും അച്ഛന്‍ അറിഞ്ഞിട്ടുണ്ടെന്ന് അഭിലാഷ് അച്ഛനായി എഴുതിയ പിറന്നാള്‍ കുറിപ്പില്‍ പറയുന്നു.
അഭിലാഷിന്റെ വാക്കുകളിലേക്ക്
ഓര്‍മ്മവെച്ച കാലം മുതല്‍ വെള്ളിയാഴ്ച ലാലേട്ടന്‍ പടമോ മമ്മൂക്ക പടമോ റിലീസ് ഉണ്ടേല്‍ അച്ഛന്‍ അന്ന് ഞങ്ങളെ പത്തനംതിട്ട അനുരാഗ് അല്ലേല്‍ ഐശ്വര്യ തിയേറ്ററില്‍ കൊണ്ട് പോകുമായിരുന്നു, ശെരിക്കും പറഞ്ഞാല്‍ സിനിമ എന്ന സ്വപ്നം എന്റെ ഉള്ളില്‍ തന്നത് അച്ഛനാ.. ഇന്‍ഫോപാര്‍ക്കിലെ ജോലി രാജി വെച്ച് നിന്റെ സ്വപ്നം നേടാന്‍ ധൈര്യമായി ഇറങ്ങിക്കോടാ അപ്പന്‍ ഉണ്ട് കൂടെ എന്ന് പറഞ്ഞ് 2013ല്‍ ചെന്നൈക്ക് വണ്ടി കയറ്റി വിട്ടു . സ്വപ്നം നേടാന്‍ എടുത്ത 8 വര്‍ഷത്തില്‍ പലപ്പോളും പലരുടെ ഭാഗത്തു നിന്നും വന്ന കളിയാക്കലുകളും വേദനിപ്പിക്കലും പലപ്പോഴും അച്ഛന്‍ അറിഞ്ഞിട്ടുണ്ട് എങ്കിലും ഒരിക്കല്‍ പോലും എന്റെ മുന്നില്‍ വിഷമിച്ചു കണ്ടിട്ടില്ല എപ്പഴും ചിരിച്ചു കൊണ്ട് പറയും എല്ലാം ശെരിയാകും നീ ധൈര്യമായി ഇരിക്കെടാ എന്ന്. എന്റെ ആദ്യ സിനിമ റിലീസ് ആയ ദിവസം ആദ്യ ഷോ കണ്ടിട്ട് വനിതാ തിയേറ്ററില്‍ നിന്നും പുറത്ത് വന്ന് കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ച് കുറച്ചു നേരം നിന്നിട്ട് ചെവിയില്‍ പറഞ്ഞ ഒരു കാര്യമുണ്ട് ഇനി നീ ജീവിതത്തില്‍ ഒരിക്കലും കരയരുതെന്ന് ഒരു പക്ഷെ എന്റെ കരച്ചില്‍ അച്ഛന്‍ കണ്ടിട്ടുണ്ടാകാം. ഇന്നും ഒരു വിഷമം വന്നാല്‍ അമ്മയെ വിളിക്കുന്നതിന് മുന്നേ ഞാന്‍ വിളിക്കുന്ന പേര് അപ്പായെന്നാ കാരണം ആ വിളി തരുന്ന ഒരു ധൈര്യമുണ്ട്. Happy birthday my super hero