തെന്നിന്ത്യന്‍ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിന്റെ ജന്മദിനമാണ് ഇന്ന്. 1970 സെപ്റ്റംബര്‍ 29 ന് ജനിച്ച ഖുശ്ബു തന്റെ 51-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. പ്രിയ നടിക്ക് ആശംസകള്‍ നേരുകയാണ് സിനിമാലോകം. ഒരു മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചതെന്ന് അധികം ആര്‍ക്കും അറിയാത്ത രഹസ്യമാണ്. നക്ഷത് ഖാന്‍ എന്നായിരുന്നു ഖുശ്ബുവിന്റെ ആദ്യ പേര്. സിനിമയിലെത്തിയ ശേഷമാണ് ഖുശ്ബു എന്ന പേര് സ്വീകരിക്കുന്നത്.
ബാലതാരമായാണ് ഖുശ്ബു സിനിമയില്‍ എത്തുന്നത്. തമിഴ് സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. രജനികാന്ത്, കമല്‍ഹാസന്‍, സത്യരാജ് തുടങ്ങിയ പ്രമുഖ നടന്‍മാരുടെ നായികയായി ഖുശ്ബു അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയിലും ഖുശ്ബു ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെയെല്ലാം നായികയായി മലയാളത്തില്‍ ഖുശ്ബു തിളങ്ങിയിട്ടുണ്ട്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ് സെയ്ന്റ്, കയ്യൊപ്പ്, ചന്ദ്രോത്സവം, അനുഭൂതി എന്നിവയെല്ലാമാണ് ഖുശ്ബു അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകള്‍.