ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും, പാഠപുസ്തകത്തില്‍ നിന്നും ലഭിക്കാത്ത അനുഭവം,പതിനഞ്ച് ദിവസത്തോളം നീണ്ട യാത്ര, വിശേഷങ്ങളുമായി നടി ഗായത്രി അരുണ്‍
ഗായത്രി അരുണിന്റെ വാക്കുകള്‍
യാത്രകള്‍ നമ്മോട് ചെയ്യുന്നത് എന്താണ്? ഒറ്റക്കുള്ള യാത്രകള്‍ നമ്മിലേക്ക് തന്നെയുള്ള സഞ്ചാരമാണ്. അടുപ്പമുള്ളവരോട് ഒന്നിച്ചുള്ളവ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ഉറപ്പുള്ളതാക്കാനും (ചിലപ്പോഴെങ്കിലും മറിച്ചും) സഹായിക്കുന്നു. ഞങ്ങളുടെ ഈ യാത്രയും വളരെ വത്യസ്തമായ ഒരു അനുഭവം തന്നെ ആയിരുന്നു. എങ്ങോട്ടേക്കെന്നോ എത്ര ദിവസമെന്നോ മടക്കം എന്ന് എന്നോ അറിയാത്ത ഒന്ന്. ഡല്‍ഹിയില്‍ നിന്നും പ്രദീപിന്റെ (അരുണിന്റെ ബ്രദര്‍ ഇന്‍ ലോ) കാറും എടുത്ത് തുടങ്ങിയ യാത്ര പതിനഞ്ച് ദിവസത്തോളം നീണ്ടു ചെന്ന് നിന്നത് അടല്‍ ടണലും താണ്ടി മഞ്ഞു മൂടിയ ഹിമാലയത്തിലാണ് ഇങ്ങനെ ഒരു യാത്ര ആദ്യമായിട്ടാണ് .. ഇത് നല്‍കിയ അനുഭവങ്ങള്‍ ചെറിയ ഒരു കുറിപ്പിലൂടെ വിവരിക്കുക അസാധ്യം. അത്രയധികം സ്ഥലങ്ങള്‍ ആളുകള്‍ ജീവിതങ്ങള്‍ ഭക്ഷണങ്ങള്‍ ഒക്കെ കാണുവാനും അറിയുവാനും രുചിക്കുവാനും കഴിഞ്ഞു. ഡല്‍ഹി, ചണ്ഡീഗഡ്, അമൃത്സര്‍, അത്യത്ഭുതങ്ങള്‍ നിറഞ്ഞ ജ്വാലാമുഖി ക്ഷേത്രം, ഹിമാചലിലെ ധരംശാല, ദലൈലാമ വസിക്കുന്ന മക്ലോഡ്ഗഞ്ച്, ഏഷ്യയിലെ ഏറ്റവും ഉയരത്തില്‍ നിന്നും പാരാഗ്ലൈഡിങ് നടത്തുന്ന ബിര്‍, കുളു മണാലി, മഞ്ഞു മൂടിയ സിസ്സു അങ്ങനെ ഇന്നേവരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ ഈ ദിവസങ്ങള്‍ ഞങ്ങള്‍ യാത്രചെയ്തു. യാത്രക്ക് മോളെ കൂടെ കൂട്ടുമ്പോള്‍ ഇത്ര ദിവസത്തെ ക്ലാസ്സ് കല്ലുവിന് നഷ്ടമാകുമല്ലോ എന്നത് ആയിരുന്നു എന്റെ ഏക ആശങ്ക. പക്ഷെ ഒരു പാഠപുസ്തകത്തില്‍ നിന്നും ലഭിക്കാത്ത അത്രയും അനുഭവങ്ങളും ഓര്‍മകളും കാഴ്ചകളും അവള്‍ക്ക് ഈ യാത്രയില്‍ നിന്നും കിട്ടി എന്നതിന് എനിക്ക് സംശയമേ ഇല്ല. ആദ്യം പറഞ്ഞത് പോലെ തമ്മിലുള്ള ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും തമാശകളും ഒക്കെ ആയി ഈ യാത്ര ഞങ്ങളുടെ സ്‌നേഹബന്ധത്തെ കുറേ നല്ല ഓര്‍മ്മകള്‍ കൊണ്ട് കൂടുതല്‍ മധുരമുള്ളതാക്കിയിരിക്കുന്നു..