സ്ക്വിഡ് ​ഗെയിം മുതൽ കേരളം ക്രൈം ഫയൽസ് വരെ; ഈ ആഴ്ചയിലെ പുത്തൻ റിലീസുകൾ

നിഹാരിക കെ.എസ്

ചൊവ്വ, 17 ജൂണ്‍ 2025 (13:41 IST)
ബി​ഗ് ബജറ്റ് ഉൾപ്പെടെ ഒരുപാട് സിനിമകൾ ഈ മാസം തിയേറ്ററുകളിലെത്തി. തിയേറ്ററുകളിൽ നിന്നും മിസ് ആയ ചിത്രങ്ങൾ ഇനി നിങ്ങളുടെ ലിവിങ് റൂമിൽ ഇരുന്ന് കാണാം. ഈ ആഴ്ചയിലെ ഒ.ടി.ടി റിലീസുകൾ ഏതൊക്കെയെന്ന് നോക്കാം; 
 
എയ്‌സ്‌: വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത സിനിമയാണ് 'എയ്‌സ്‌'. ഒരു ആക്ഷൻ ക്രൈം കോമഡി ചിത്രമായി എത്തിയ വിജയ് സേതുപതി സിനിമ തിയറ്ററിൽ പരാജയമായിരുന്നു. ആമസോണ്‍ പ്രൈം വിഡിയോയിലാണ് ചിത്രം എത്തിയിരിക്കുന്നത്.  മെയ് മാസം 23 ന് ആണ് സിനിമ തിയറ്ററിൽ എത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സിനിമ ഒ.ടി.ടിയിൽ റിലീസ് ആയത്.
 
ആസാദി: ശ്രീനാഥ് ഭാസി നായകനായെത്തിയ ചിത്രമാണ് ആസാദി. നവാ​ഗതനായ ജോ ജോർജ് സംവിധാനം ചെയ്ത ചിത്രം മെയ് 23 നാണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 27 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
 
കേരള ക്രൈം ഫയൽസ് സീസൺ 2: ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം വെബ് സീരിസായിരുന്നു കേരള ക്രൈം ഫയൽസ്. ഇത് ഏറെ ജനപ്രീതി നേടി. വമ്പൻ വിജയമായതോടെ രണ്ടാം ഭാഗം പ്രഖ്യാപിക്കുകയായിരുന്നു. കേരള ക്രൈം ഫയല്‍സ് ദ് സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു എന്നാണ് ഈ സീസണിന്‍റെ പേര്. ജൂൺ 20 മുതൽ രണ്ടാം സീസൺ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.
 
പഞ്ചായത്ത് സീസൺ 4: ഒരുപാട് ആരാധകരുള്ള കോമഡി സീരിസാണ് പഞ്ചായത്ത്. സീരിസിന്റെ നാലാം സീസൺ റിലീസിനൊരുങ്ങുകയാണ്. നിരവധി ട്വിസ്റ്റുകളൊക്കെ ചേർന്നുള്ള ഒരു ഫൺ എന്റർടെയ്ൻമെന്റ് തന്നെയായിരിക്കും നാലാം ഭാ​ഗമെന്നാണ് പുറത്തുവരുന്ന സൂചന. ജൂൺ 24 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് ആസ്വദിക്കാനാകും.
 
സ്ക്വിഡ് ​ഗെയിം 3: ലോകമെമ്പാടുമായി ഒരുപാട് ആരാധകരുള്ള കൊറിയൻ സീരിസ് ആണ് സ്ക്വിഡ് ​ഗെയിം. സ്ക്വിഡ് ​ഗെയിം 3 യുടെ പ്രഖ്യാപനവും ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. മൂന്നാം ഭാ​ഗത്തിന്റെ ട്രെയ്‍ലറും വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ജൂൺ 27 ന് നെറ്റ്ഫ്ലിക്സിലൂടെ സ്ക്വിഡ് ​ഗെയിം 3 സ്ട്രീം ചെയ്യും.
 
പ്രിൻസ് ആൻഡ് ഫാമിലി: ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, മഞ്ജു പിള്ള, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജൂൺ 20 മുതൽ സീ 5 ൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍