കാസ്റ്റിംഗ് പിഴച്ചോ? നായകനേക്കാൾ ആഘോഷിക്കപ്പെടുന്ന വില്ലനായി ഫഹദ് ഫാസിൽ, ട്വിറ്ററിൽ ട്രെൻഡിംഗ്

തിങ്കള്‍, 31 ജൂലൈ 2023 (13:29 IST)
തമിഴ് സിനിമകളില്‍ കാസ്റ്റ് പൊളിറ്റിക്‌സിനെ പറ്റി കൃത്യമായി സംസാരിക്കുന്ന സംവിധായകരുടെ കൂട്ടത്തില്‍ പ്രധാനിയാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍ എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ മാരി സെല്‍വരാജിനായിരുന്നു. തന്റെ പതിവ് സിനിമകളെ പോലെ കാസ്റ്റ് പൊളിറ്റിക്‌സ് വിഷയമാക്കിയ ചിത്രമായിരുന്നു മാരി സെല്‍വരാജ് അവസാനമൊരുക്കിയ മാമന്നന്‍. ഉദയനിധി സ്റ്റാലിന്‍,കീര്‍ത്തി സുരേഷ്,ഫഹദ് ഫാസില്‍,വടിവേലു എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം തിയേറ്റര്‍ റിലീസിന് ശേഷം ഈ മാസം 27നാണ് നെറ്റ്ഫ്‌ലിക്‌സിലെത്തിയത്.
 
എന്നാല്‍ ചിത്രം ഒടിടി റിലീസായതിന് പിന്നാലെ ചിത്രത്തില്‍ എല്ലാവരും തന്നെ ആഘോഷമാക്കുന്നത് മാമന്നനില്‍ ഫഹദ് ഫാസില്‍ ചെയ്ത വില്ലന്‍ വേഷത്തെയാണ്. സിനിമയിലെ സഹതാരങ്ങളേക്കാള്‍ ഏറെ ഉയരത്തില്‍ നില്‍ക്കുന്ന പ്രകടനമാണ് ഫഹദ് നടത്തിയതെന്ന് ആരാധകര്‍ പറയുന്നു. തമിഴ് ആരാധകരാണ് ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നവരില്‍ ഏറെയും. ഫഹദ് ഫാസില്‍ സിനിമയില്‍ ചെയ്ത രംഗങ്ങളും ചിത്രങ്ങളുമെല്ലാമായി താരത്തിന്റെ പ്രകടനത്തെ പ്രശംസിക്കുന്ന തിരക്കിലാണ് ട്വിറ്റര്‍. ചിത്രത്തില്‍ ജാതീയമായ ചിന്തകള്‍ വെച്ചുപുലര്‍ത്തുന്ന രതവേല്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
 
അതേസമയം കാസ്റ്റ് പൊളിറ്റിക്‌സിനെ പറ്റി നിരന്തരം സംസാരിക്കുന്ന മാരി സെല്‍വരാജ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് വില്ലനായി ഫഹദ് ഫാസിലിനെ കാസ്റ്റ് ചെയ്തതെന്ന് ആരാധകര്‍ പറയുന്നു. പ്രകടനങ്ങള്‍ കൊണ്ട് അമ്പരപ്പിക്കുന്ന ഫഹദിനെ ആരാധകര്‍ ആഘോഷിക്കുമ്പോള്‍ സിനിമ സംസാരിക്കുന്ന വിഷയം അപ്രസക്തമാകുകയും വില്ലനെ ഒരു സമൂഹം തന്നെ ആഘോഷമാക്കുകയുമാണ് സമൂഹമാധ്യമങ്ങളില്‍ ചെയ്യുന്നത്. ഒരു കഥാപാത്രത്തെ വെറുക്കാനാണ് നിങ്ങള്‍ കഥാപാത്രത്തെ സൃഷ്ടിക്കുന്നതെങ്കില്‍ ഫഹദിനെ ആ വേഷത്തില്‍ അഭിനയിപ്പിക്കരുതെന്നും ആരാധകര്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍