സ്വന്തം നാട്ടുകാരനെന്ന പരിഗണന പോലും കിട്ടുന്നില്ല, എന്നെ വേട്ടയാടുന്നു, മലയാള സിനിമകള്‍ കുറയ്ക്കുന്നതിന്റെ കാരണം പറഞ്ഞ് ദുല്‍ഖര്‍

അഭിറാം മനോഹർ

വ്യാഴം, 18 ജൂലൈ 2024 (14:53 IST)
മലയാളത്തില്‍ നിന്നാണ് ഇന്ത്യയാകെ ആരാധകരെ സ്വന്തമാക്കിയതെങ്കിലും സമീപകാലത്തെ സിനിമകള്‍ പരിശോധിച്ചാല്‍ വര്‍ഷങ്ങളുടെ ഇടവേളയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നത്. കിംഗ് ഓഫ് കൊത്ത എന്ന സിനിമയ്ക്ക് ശേഷം ഒരൊറ്റ മലയാളം സിനിമ പോലും താരം കമ്മിറ്റ് ചെയ്തിട്ടില്ല. അതേസമയം നിരവധി തെലുങ്ക് സിനിമകളാണ് ദുല്‍ഖറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. 
 
 തനിക്ക് പിന്നാലെ നടന്ന് വേട്ടയാടുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ടെന്നും തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്യുമ്പോള്‍ ഇക്കൂട്ടര്‍ അവിടെയും പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. കുടുംബത്തിന്റെ പേരും പെരുമയും ഉപയോഗിച്ച് എല്ലാക്കാലവും പിടിച്ച് നില്‍ക്കാനാവില്ല. മമ്മൂട്ടിയുടെ മകനാണെന്നതില്‍ അഭിമാനമുണ്ടെങ്കിലും ആ വിശേഷണത്തില്‍ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തെലുങ്കിലോ തമിഴിലോ ആ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നില്ല. അതിനാല്‍ അവിടെ കൂടുതല്‍ സിനിമകള്‍ ചെയ്യുന്നു.
 
 മമ്മൂട്ടിയുടെ മകനായി ഇരിക്കുമ്പോഴും ദുല്‍ഖറായി എന്നെ അംഗീകരിക്കുന്നതാണ് എനിക്കിഷ്ടം. മമ്മൂട്ടിയുടെ മകനെന്ന ടാഗ് ലൈന്‍ എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും അതിന് അനുവദിക്കാത്ത ചില ആളുകളുണ്ട്. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാന്‍ തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടത്തെ പ്രേക്ഷകര്‍ എന്നെ സ്വീകരിക്കുകയും ചെയ്യ്താല്‍ ഈ ആളുകള്‍ അവിടെ വന്നും ആക്രമിക്കും. സ്വന്തം നാട്ടുകാരാണെന്ന പരിഗണന പോലും എനിക്ക് ആ കൂട്ടര്‍ തരില്ല. മറ്റുള്ളവര്‍ എന്നെ സ്‌നേഹിക്കുമ്പോള്‍ ഇവരെന്തിനാണ് ഇങ്ങനെ വേട്ടയാടുന്നതെന്ന് അറിയില്ല.
 
എന്റെ മാനസികാരോഗ്യത്തിന് മറ്റ് ഭാഷകളില്‍ വര്‍ക്ക് ചെയ്യാനാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. മമ്മൂട്ടിയുടെ മകനെന്ന ടാഗ് ലൈന്‍ അവിടെയില്ല. ദുല്‍ഖര്‍ ആയി തന്നെ സിനിമകള്‍ ചെയ്യാന്‍ എനിക്കവിടെ സാധിക്കുന്നു.ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍