തമിഴില്‍ മോഹന്‍ലാല്‍ എന്നുപറഞ്ഞാല്‍ ദുല്‍ക്കര്‍ സല്‍മാനാണ്!

ശനി, 12 ജനുവരി 2019 (14:32 IST)
പണ്ടത്തെ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ നല്ല തമാശയാണ് പലതും. അന്നത്തെ സ്റ്റൈല്‍, അന്നത്തെ ഡയലോഗ് പ്രസന്‍റേഷന്‍, അന്നത്തെ ഓവര്‍ മെലോഡ്രാമ, അന്നത്തെ ഡാന്‍സ് രംഗങ്ങള്‍, ആക്ഷന്‍ സീനുകള്‍ ഇതൊക്കെ കോമഡിയായി തോന്നിയേക്കാം. പക്ഷേ, മോഹന്‍ലാല്‍ സിനിമകള്‍ ഏത് കാലത്തും എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. എല്ലാക്കാലത്തേക്കുമായി സൃഷ്ടിക്കപ്പെടുന്നവയാണ് മോഹന്‍ലാല്‍ സിനിമകള്‍ എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.
 
ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘പവിത്രം’ എന്ന ചിത്രം തന്നെയെടുക്കാം. 25 വര്‍ഷം മുമ്പിറങ്ങിയ ആ സിനിമ ഇന്നും മനോഹരമായ ഒരു അനുഭവമാണ്. അതുകൊണ്ടാണ് 25 വര്‍ഷങ്ങള്‍ക്ക് ശേഷവും അത് റീമേക്ക് ചെയ്യപ്പെടുന്നത്.
 
അതേ, പവിത്രത്തിന്‍റെ തമിഴ് റീമേക്ക് വരുന്നു. നായകന്‍ ആരെന്നറിയുമോ? നമ്മുടെ ദുല്‍ക്കര്‍ സല്‍മാന്‍. മോഹന്‍ലാല്‍ അനശ്വരമാക്കിയ ‘ചേട്ടച്ഛന്‍’ എന്ന കഥാപാത്രത്തെയാണ് ദുല്‍ക്കര്‍ തമിഴില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
 
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ബദായ് ഹോ’ എന്ന ആയുഷ്മാന്‍ ഖുറാന അഭിനയിച്ച ബോളിവുഡ് ചിത്രം പവിത്രത്തിന്‍റെ കഥയെ ആധാരമാക്കിയുള്ളതായിരുന്നു. അത് വമ്പന്‍ ഹിറ്റായി മാറി. അത് തന്നെയാണ് തമിഴ് നിര്‍മ്മാതാക്കളെ ആവേശം കൊള്ളിക്കുന്നതും.
 
പി ബാലചന്ദ്രന്‍ തിരക്കഥയെഴുതിയ പവിത്രത്തില്‍ സിനിമയില്‍ തിലകന്‍, ശ്രീവിദ്യ, വിന്ദുജ മേനോന്‍, ശോഭന, ശ്രീനിവാസന്‍, ഇന്നസെന്‍റ്, കെ പി എ സി ലളിത തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോഴും ഹിറ്റാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍