Meenakshi Dileep: 'മീനാക്ഷി വളരെ സൈലന്റ് ആണ്, എല്ലാവരും പറയുന്നത് കേട്ട് നിൽക്കുന്ന കുട്ടി': മകളെ കുറിച്ച് ദിലീപ്

നിഹാരിക കെ.എസ്

തിങ്കള്‍, 14 ജൂലൈ 2025 (09:19 IST)
നടൻ ദിലീപിന്റെ സ്വകാര്യജീവിതം പലപ്പോഴും ചർച്ചയാകാറുണ്ട്. ഇന്ന് ദിലീപ് സിനിമകളേക്കാൾ കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്നത് നടന്റെ  ജീവിതത്തിലെ ഉയർച്ച-താഴ്ചകളെ കുറിച്ചാണ്. പുതിയ സിനിമകൾ റിലീസ് ആകുന്ന സമയം അദ്ദേഹം നൽകുന്ന അഭിമുഖങ്ങളിലെല്ലാം നടൻ തന്റെ കുടുംബത്തെ കുറിച്ച് പരാമർശിക്കാറുണ്ട്. പ്രത്യേകിച്ച് മൂത്ത മകൾ മീനാക്ഷിയെ കുറിച്ച് മനസ്സ് തുറക്കാറുണ്ട്.
 
മുൻപ്, മൈൽസ്റ്റോൺ മീഡിയക്ക് നൽകിയ ഒരു അഭിമുഖത്തിൽ, തന്റെ മക്കളായ മീനാക്ഷിയോടും, മഹാലക്ഷ്മിയോടും തനിക്കുള്ള ആത്മബന്ധത്തെ കുറിച്ച് ദിലീപ് സംസാരിച്ചിരുന്നു. എന്നത്തേയും പോലെ, തന്റെയും, മുൻ ഭാര്യ മഞ്ജു വാര്യരുടേയും മകളായ മീനൂട്ടിയെ കുറിച്ച് സംസാരിച്ചപ്പോൾ, പ്രശസ്ത താരം വളരെ വികാരാധീനനായി. എങ്കിലും, തന്റെ സ്വതസിദ്ധമായ ശൈലിയിൽ, ഒരു ചിരിയോടെയാണ് ദിലീപ് മൂത്ത മകളുടെ കുട്ടിക്കാലം ഓർത്തെടുത്ത്.
 
താൻ മീനാക്ഷിയെ ഒരിക്കൽ പോലും തല്ലിയിട്ടില്ലെന്ന് ദിലീപ് ഓർത്തെടുക്കുന്നു. ഒരിക്കൽ പോലും തല്ലേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും ടോൺ മാറി വിളിക്കുമ്പോൾ തന്നെ അതിന്റെ സീരിയസ്നെസ്സ് അവൾക്ക് മനസിലാകുമായിരുന്നുവെന്നും ദിലീപ് പറയുന്നു. മീനാക്ഷിയുടെ കുട്ടിക്കാലത്തെ വളർച്ചയും വികൃതികളും തനിക്ക് ആസ്വദിക്കാൻ ആയിട്ടില്ല എന്നും നടൻ വെളിപ്പെടുത്തി.
 
"മീനാക്ഷി ജനിച്ചതിന് ശേഷം, അവളുടെ വളർച്ചയുടെ ഒരുപാട് കാലം ഞാൻ മിസ്സ് ചെയ്തിരുന്നു. കാരണം, ആ സമയത്ത് എന്റെ സിനിമകൾ ഭയങ്കര ഹിറ്റുകൾ ആയിരുന്നു, ഞാൻ തുടർച്ചയായി ഓരോ സിനിമയുടെയും പിറകെ പോവുകയായിരുന്നു. അപ്പോൾ ശെരിക്കും പറഞ്ഞാൽ മീനൂട്ടിയുടെ ആ പ്രായം എനിക്ക് ആസ്വദിക്കാൻ പറ്റിയിട്ടില്ല. ആ രണ്ടു-മൂന്ന് വയസ്സ് എന്ന് പറയുന്ന സമയം ശെരിക്കും നഷ്ടം തന്നെയാണ്', അമ്മ മഞ്ജു വാര്യർ വളർത്തിയ മകളെക്കുറിച്ച് ദിലീപ് ഓർത്തെടുത്തു.
 
മീനാക്ഷി വളരെ സൈലന്റ് ആയ, എല്ലാവരും പറയുന്നത് കേട്ട് നിൽക്കുന്ന കുട്ടിയാണെന്നും, മഹാലക്ഷ്മി വളരെയധികം സംസാരിക്കുന്ന കൂട്ടത്തിലാണെന്നും നടൻ കൂട്ടിച്ചേർത്തു. മീനാക്ഷി ദിലീപിന് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉണ്ട്. ഇവർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍