ധനുഷിന്റെ കർണ്ണൻ റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വളരെ വേഗത്തിൽ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് ടീം. ധനുഷ് തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് പൂർത്തിയാക്കി. ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചു.
മാരി സെൽവരാജിന്റെ ആദ്യ ചിത്രമായ പരിയേറും പെരുമാൾ പോലെ തന്നെ ഈ സിനിമയിലും ഒരു രാഷ്ട്രീയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയെ പ്രശംസിച്ച് അടുത്തിടെ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ രംഗത്തെത്തിയിരുന്നു. രജിഷ വിജയനാണ് നായിക. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ നടരാജൻ സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 2020 ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.