നല്ല സിനിമകള്‍ക്ക് പിന്തുണയുമായി സിനിമാ പ്രേക്ഷക കൂട്ടായ്മ !

വെള്ളി, 7 ജൂലൈ 2017 (17:16 IST)
സിനിമയുടെ അവസാനവാക്ക് ആരാണെന്നത് ഇന്നും ഒരു തര്‍ക്കവിഷയമാണ്. അത് നിര്‍മ്മാതാവാണോ സംവിധായകനാണോ തിരക്കഥാകൃത്താണോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണോ? ഓരോരുത്തര്‍ക്കും ഓരോ ഉത്തരം പറയാനുണ്ടാവും. എന്നാല്‍ തര്‍ക്കമേതുമില്ലാത്ത ഒരു ഉത്തരം, ആലോചിച്ചാല്‍ തെളിഞ്ഞുവരും. അത് ‘പ്രേക്ഷകര്‍’ എന്നാണ്. ഒരു സിനിമയുടെ വിധി നിര്‍ണയിക്കുന്നത് പ്രേക്ഷകരാണ്. അവരാണ് സിനിമയുടെ ദൈവം.
 
മലയാള സിനിമയില്‍ എല്ലാ വിഭാഗത്തിനും സംഘടനയുണ്ട്. താരങ്ങള്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും വിതരണക്കര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും എല്ലാം. ചില വിഭാഗങ്ങള്‍ക്ക് ഒന്നിലധികം സംഘടനകള്‍ പോലുമുണ്ട്. സംഘടനയില്ലാത്ത ഒരു കൂട്ടമേ ഉണ്ടായിരുന്നുള്ളൂ, അത് സിനിമയുടെ എല്ലാമായ പ്രേക്ഷകരാണ്.
 
എന്നാല്‍ ഇനി അങ്ങനെ പറയാനാകില്ല. പ്രേക്ഷകര്‍ക്കും ഒരു കൂട്ടായ്മ വന്നിരിക്കുന്നു. ‘സിനിമ പ്രേക്ഷക കൂട്ടായ്മ’ എന്നാണ് പേര്. തുടക്കം എന്ന നിലയില്‍ പത്തനംതിട്ട കേന്ദ്രീകരിച്ചാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. ഉടന്‍ തന്നെ എല്ലാ ജില്ലകളിലേക്കും ‘സിനിമ പ്രേക്ഷക കൂട്ടായ്മ’ വ്യാപിക്കും. ആരെയെങ്കിലും വിലക്കുകയോ സമരം നടത്തുകയോ ഒന്നുമല്ല ഈ കൂട്ടായ്മയുടെ ലക്‍ഷ്യം. ഇത് നല്ല സിനിമയുടെ പ്രോത്സാഹനത്തിനുവേണ്ടി മാത്രമുള്ള കൂട്ടായ്മയാണ്.
 
മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകണമെന്നും അത്തരം സിനിമകളെല്ലാം വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് ‘സിനിമ പ്രേക്ഷക കൂട്ടായ്മ’യിലെ അംഗങ്ങള്‍. കൂട്ടായ്മയുടെ വാട്സ്‌ആപ് ഗ്രൂപ്പിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. രാഷ്ട്രീയനേതാവ് കൂടിയായ സലിം പി ചാക്കോയുടെ നേതൃത്വത്തിലാണ് ‘സിനിമ പ്രേക്ഷക കൂട്ടായ്മ’ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുമ്പോട്ടുപോകുന്നത്.
 
ചില ചിത്രങ്ങള്‍ക്ക് അവ നല്ല സിനിമകളാണെങ്കിലും ചിലപ്പോള്‍ തിയേറ്ററുകളില്‍ മറ്റ് കാരണങ്ങള്‍ കൊണ്ട് തിരിച്ചടി നേരിടേണ്ടിവരാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ ആ സിനിമകളെ സഹായിക്കാന്‍ പ്രേക്ഷക കൂട്ടായ്മ എപ്പോഴും ശ്രമിക്കുന്നു. നല്ല സിനിമകളെ ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൂടുതലായി എത്തിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. അതുപോലെതന്നെ മികച്ച സിനിമകളുടെ പിന്നണി പ്രവര്‍ത്തകരെ ആദരിക്കുന്നതും അങ്ങനെ അവര്‍ക്ക് പ്രചോദനം നല്‍കുന്നതും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്.
 
കൂട്ടായ്മ രൂപീകരിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പ്രമുഖരായ നിര്‍മ്മാതാക്കളും സംവിധായകരുമെല്ലാം ഈ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഇതില്‍ അംഗമാകുകയും ചെയ്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക