കഴിഞ്ഞ വര്‍ഷം മലയാളത്തിലെ വലിയ വിജയചിത്രങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ സിനിമ മറുഭാഷ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. മികച്ച കളക്ഷനാണ് സിനിമയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്ക് ലഭിച്ചത്. ബോക്‌സോഫീസ് വിജയം നേടിയെങ്കിലും അസഹനീയമായ വയലന്‍സിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് സിനിമയ്ക്ക് ലഭിച്ചത്. മാര്‍ക്കോയടക്കമുള്ള സിനിമകള്‍ യുവാക്കളെ വഴി തെറ്റിക്കുകയും അക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് സിബിഎഫ്‌സി സിനിമയുടെ ടെലിവിഷന്‍ സംപ്രേക്ഷണം നിഷേധിച്ചിരിക്കുന്നത്.