പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുള്ള ദിവസം, കുറിപ്പുമായി സംവിധായകന്‍ പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്

ശനി, 6 നവം‌ബര്‍ 2021 (10:36 IST)
ജയസൂര്യയുടെ ക്യാപ്റ്റനില്‍ തുടങ്ങി ജയസൂര്യയുടെ തന്നെ മേരി ആവാസ് സുനോ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍. അദ്ദേഹത്തിന്റെ ഒടുവിലായി ഇറങ്ങിയ ചിത്രവും ജയസൂര്യയുടെ ഒപ്പമുള്ള വെള്ളമായിരുന്നു. ക്യാപ്റ്റന്‍ എന്ന സിനിമയുടെ തിരക്കഥ പുസ്തകമാക്കിയിരുന്നു. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റില്‍ തന്റെ പുസ്തകം പ്രകാശനം ചെയ്ത സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകന്‍.
 
പ്രജേഷിന്റെ വാക്കുകള്‍ 
 
പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുള്ള ദിവസമായിരുന്നു ഇന്നലെ. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റില്‍ എന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
 
ശ്രീ.അഷ്‌റഫ് താമരശ്ശേരിയുടെ ആത്മകഥ - ഒടുവിലത്തെ കൂട്ട്. പ്രവാസ ലോകത്ത് നിസ്വാര്‍ത്ഥ സേവനം നടത്തുന്ന അഷ്‌റഫിക്ക പറഞ്ഞ അനുഭവങ്ങളില്‍ ചിലത് കുറിച്ചിടുകയാണ് പുസ്തകത്തില്‍. അഷ്‌റഫിക്കയെ അടുത്തറിയാന്‍ ഈ പുസ്തകം സഹായിക്കും എന്നെനിക്കുറപ്പുണ്ട്.
 
ക്യാപ്റ്റന്‍ - വി .പി . സത്യനെന്ന മഹാനായ ഇന്ത്യന്‍ ഫുട്ബാളറുടെ ജീവിതം പറഞ്ഞ , ഞാന്‍ ആദ്യം സംവിധാനം ചെയ്ത ക്യാപ്റ്റന്‍ സിനിമയുടെ തിരക്കഥ.
 
ആത്മഭാഷണങ്ങള്‍ - മാധ്യമ പ്രവര്‍ത്തന കാലത്ത് നടത്തിയ അഭിമുഖങ്ങളില്‍ ചിലത് ചേര്‍ത്തുവച്ചതാണ് ഈ പുസ്തകം. നാളെയാണ് പ്രകാശനം
 
ലിപി പബ്ലിഷേഴ്‌സ് ആണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്നെക്കാള്‍ ആവേശത്തില്‍ പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ തയ്യാറായ ലിപി അക്ബറിക്കക്ക് പ്രത്യേകം നന്ദി.
 
പുസ്തകങ്ങള്‍ പ്രകാശിപ്പിച്ച ശ്രീ. ടി.എന്‍. പ്രതാപന്‍ എം പിക്കും ചടങ്ങിനെത്തിയ എല്ലാവര്‍ക്കും നന്ദി.നമ്പി സാറുടെ ആത്മകഥ 'ഓര്‍മകളുടെ ഭ്രമണപഥം 'പ്രകാശനം ചെയ്യാന്‍ ഷാര്‍ജയില്‍ എത്തിയപ്പോള്‍ കണ്ട അതേ ആവേശമാണ് ഇന്നലെ പ്രിയ വായനക്കാരില്‍ കണ്ടത്.
 
പ്രിയപ്പെട്ട ഗുരുനാഥന്‍ സിദ്ധിഖ് സാര്‍, മമ്മൂക്ക, മോഹന്‍ലാല്‍ സാര്‍
'ക്യാപ്റ്റന്‍' സാധ്യമാക്കാന്‍ കൂടെ നിന്ന നമ്മുടെ നായകന്‍ ജയേട്ടന്‍ 
ഒരു തുടക്കകാരനായ എന്നെ വിശ്വസിച്ച് ക്യാപ്റ്റന്‍ എന്ന റിസ്‌ക്കെടുത്ത 
നിര്‍മാതാവ് പ്രിയപ്പെട്ട ജോബി ജോര്‍ജ്ജ് ചേട്ടന്‍, ആന്റോ ജോസഫ് ചേട്ടന്‍ , അനിത ചേച്ചി, ക്യാപ്റ്റന്‍ ടീം,ശ്രീ. ഗോപിനാഥ് മുതുകാട്,പ്രിയപ്പെട്ട പ്രേക്ഷകര്‍ , വായനക്കാര്‍ ,മാധ്യമ സുഹൃത്തുക്കള്‍ എല്ലാവരുടെയും പിന്തുണ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. 
 
അക്ഷരങ്ങള്‍ ,വാക്കുകള്‍ പകരുന്ന ശക്തി വളരെ വലുതാണ് എന്നാണ് എന്റെ വിശ്വാസം. അതിന്റെ ഓരത്തിരുന്ന് ഞാനും ചിലത് കോറിയിടാന്‍ ശ്രമിക്കുകയാണ്.എപ്പോഴത്തെയും പോലെ കൂടെ ഉണ്ടാവണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍