ജോൺ അബ്രഹാം, ബിപാഷ ബസു എന്നിവർ കേന്ദ്ര കഥാപാത്രമായ സിനിമയാണ് ജിസം. ഒരു ഇറോട്ടിക് ത്രില്ലറായി ഒരുങ്ങിയ സിനിമ സംവിധാനം ചെയ്തത് അമിത് സക്‌സേന ആയിരുന്നു. സിനിമ, മികച്ച പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തു. എന്നാൽ, പ്രായപൂർത്തിയായവർക്ക് മാത്രമുള്ള ഉള്ളടക്കം കാരണം പലരും ഈ സിനിമ ചെയ്യരുതെന്ന് തന്നെ ഉപദേശിച്ചിരുന്നുവെന്ന് നടി ബിപാഷ ബസു പറഞ്ഞു.
തനിക്ക് ഭ്രാന്താണെന്ന് മാനേജർ പോലും കരുതിയെന്നും ബിപാഷ പറഞ്ഞു. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് ബിപാഷ ഇക്കാര്യം പറഞ്ഞത്. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ബിപാഷ 'ജിസം' ചെയ്യുന്നത്. പ്രായപൂർത്തിയായവർക്കുമാത്രമുള്ള ഉള്ളടക്കം നിറഞ്ഞ ചിത്രത്തിൽ വേഷമിടുന്നതിനെ പലരും നദിയെ എതിർത്തു. ആളുകളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നടി എന്ന നിലയിൽ അങ്ങനെയൊരു ചിത്രം ചെയ്യാനാവില്ലെന്നും അഭിപ്രായം ഉയർന്നു. എന്നാൽ സിനിമയുടെ കഥ ഒരുപാട് ഇഷ്ടമായെന്നും സിനിമ ചെയ്യാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നുമാണ് അന്ന് ബിപാഷ മറുപടി നൽകിയത്.
എനിക്ക് ഭ്രാന്താണെന്ന് മാനേജർ പോലും കരുതി. എന്നാൽ അത് എനിക്ക് ഗുണം ചെയ്തു, കാര്യങ്ങൾ മാറിമറിഞ്ഞു. സ്ത്രീകൾ പെട്ടെന്ന് മുടി ടോംഗ് ചെയ്യാൻ തുടങ്ങി. സ്ത്രീകൾ നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അതുവരെയുണ്ടായിരുന്ന മുൻധാരണകൾ എല്ലാം മാറി. അതിനാൽ എനിക്ക് അതൊരു വഴിത്തിരിവായിരുന്നു. അതൊരു വളരെ പ്രധാനപ്പെട്ട സിനിമയായിരുന്നു', ബിപാഷ ബസു പറഞ്ഞു.
2003-ൽ പുറത്തിറങ്ങിയ 'ജിസം' ഒരു അപ്രതീക്ഷിത ബോക്സ് ഓഫീസ് വിജയമായിരുന്നു. ജോൺ എബ്രഹാം വെള്ളിത്തിരയിലേക്ക് അരങ്ങേറ്റംകുറിച്ച സിനിമകൂടിയായിരുന്നു ഇത്. പൂജ ഭട്ട്, സുജിത് കുമാർ സിംഗ് എന്നിവർ ചേർന്ന് നിർമിച്ച സിനിമയുടെ തിരക്കഥയൊരുക്കിയത് മഹേഷ് ഭട്ട് ആയിരുന്നു. 2015-ലാണ് ബിപാഷ ബസു അവസാനമായി സിനിമയിൽ അഭിനയിച്ചത്. കരൺ സിംഗ് ഗ്രോവറുമായുള്ള വിവാഹത്തിനുശേഷം അഭിനയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു അവർ.