6 മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഭാവനയും സമ്മതം മൂളി,ആദില്‍ ഇന്ന് മുതല്‍ സംവിധായകനാണ്,'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 20 ജൂണ്‍ 2022 (17:21 IST)
ഭാവനയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന പുതിയ ചിത്രം 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്' ചിത്രീകരണം ആരംഭിച്ചു. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രംബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു. നിര്‍മ്മാതാവ് റെനീഷ് 
ഷറഫുദ്ദീന്‍ നായകനായെത്തുന്ന സിനിമയ്ക്കു പിന്നിലെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.  
 
'ആദില്‍ ഇന്ന് മുതല്‍ സംവിധായകനാണ്, ഈ സ്വപ്നം ഞങ്ങള്‍ ഒരുമിച്ചാണ് കണ്ടു തുടങ്ങിയത്. ഞാനും ഇക്കാക്കയും ആദിലും ഒരുമിച്ചുള്ള ഒരു ധനുഷ്‌കൊടി യാത്രയില്‍ ആദില്‍ ഒരു കഥ പറഞ്ഞു, പിന്നീടുള്ള ഒരു ബാംഗ്ലൂര്‍ യാത്രയില്‍ തിരക്കഥയും കേട്ടു. അന്ന് ഞാന്‍ ആദിലിനോട് പറഞ്ഞു നിന്റെ ആദ്യത്തെ സിനിമ ഞാന്‍ നിര്‍മിക്കാം, വര്‍ഷങ്ങള്‍ കടന്നുപോയി ആദില്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലെറും, ഒരു ഹൊറര്‍ ത്രില്ലെറും തിരക്കഥ പൂര്‍ത്തിയാക്കി. കോവിഡ് കാലത്ത് രണ്ടും തുടങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ ആദില്‍ എന്നോട് പറഞ്ഞു ഇക്കാക്ക നമുക്ക് ഒരു ചെറിയ സിനിമ ചെയ്യാം. അവിടെ നിന്ന് ഞങ്ങള്‍ തുടങ്ങി 'ന്ടിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു' ഷറഫുദ്ധിന്‍ നായകനായി വന്നു, നീണ്ട 6 മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഭാവനയും സമ്മതം മൂളി. അങ്ങനെ ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യത്തെ സിനിമയുടെ രൂപകല്പന പൂര്‍ത്തിയാക്കി. 6 മാസത്തെ മുന്നൊരുക്കത്തിനു ശേഷം ഇന്ന് ഞങ്ങളുടെ സ്വപ്നം പിച്ചവെച്ചു തുടങ്ങി. എന്റെ കണ്മുന്നിലൂടെയാണ് ആദില്‍ പിച്ചവെച്ചു നടന്നുതുടങ്ങിയത്, ഇന്ന് അവന്‍ ഒരു സംവിധായകന്റെ തൊപ്പി വെക്കുമ്പോള്‍ ആ സിനിമ ഞാന്‍ നിര്‍മ്മിക്കുമ്പോള്‍ ഒരുപാട് സന്തോഷം.'-റെനീഷ് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍