ഇനി 'പ്രേമം' ഹിന്ദി പറയും, അര്‍ജുന്‍ കപൂര്‍ നായകനാകും; മലരാകാന്‍ വീണ്ടും സായ് പല്ലവി? !

ശനി, 21 ഏപ്രില്‍ 2018 (16:37 IST)
മലയാളത്തില്‍ വെന്നിക്കൊടി പാറിച്ച ‘പ്രേമം’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. മലയാളത്തില്‍ നിവിന്‍ പോളി അനശ്വരമാക്കിയ ജോര്‍ജ്ജിനെ ഹിന്ദിയില്‍ അര്‍ജുന്‍ കപൂര്‍ അവതരിപ്പിക്കും. അഭിഷേക് കപൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
റോക്ക് ഓണ്‍, കൈ പോ ചെ, ഫിത്തൂര്‍ എന്നീ ഹിറ്റുകള്‍ സംവിധാനം ചെയ്ത അഭിഷേക് കപൂര്‍ പ്രേമം റീമേക്കിന്‍റെ തിരക്കഥ ആരംഭിച്ചുകഴിഞ്ഞു. മലയാളത്തില്‍ മലര്‍ മിസിനെ ഗംഭീരമാക്കിയ സായ് പല്ലവിയെ തന്നെ ഹിന്ദി റീമേക്കിലും അവതരിപ്പിക്കാനാകുമോ എന്ന് ശ്രമം നടക്കുന്നുണ്ട്. 
 
തെലുങ്കില്‍ ഈ ചിത്രം റീമേക്ക് ചെയ്തപ്പോള്‍ നാഗചൈതന്യ ആയിരുന്നു നായകനായത്. മലര്‍ എന്ന കഥാപാത്രത്തെ ശ്രുതിഹാസനും അവതരിപ്പിച്ചു. എന്നാല്‍ മലയാളം പ്രേമം പോലെ തെലുങ്ക് പ്രേമം സ്വീകരിക്കപ്പെട്ടില്ല.
 
തെലുങ്കിലെ സെന്‍സേഷണല്‍ ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കിലും അര്‍ജുന്‍ കപൂര്‍ ആണ് നായകന്‍. വിജയ് ചിത്രം ഗില്ലിയുടെ റീമേക്കിലും അര്‍ജുന്‍ കപൂര്‍ തന്നെ നായകനാകും. 
 
തെലുങ്ക് പ്രേമം നേരിട്ടതുപോലെയുള്ള ട്രോള്‍ ആക്രമണം ഹിന്ദി പ്രേമത്തിനും ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍